ബാർ കോഴയിൽ മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് !..‌ചെന്നിത്തലയുടെ ഗൂഢാലോചന.ലക്ഷ്യംവച്ചത്‌ മുഖ്യമന്ത്രിക്കസേര.ഉമ്മൻ ചാണ്ടിക്കും അറിയാമായിരുന്നു.

തിരുവനന്തപുരം : ജോസ്‌ കെ. മാണിയുടെ കേരള കോണ്‍ഗ്രസ്‌ (എം) വിഭാഗം ഇടതുമുന്നണിയിലേക്കു നീങ്ങിയതോടെ ബാര്‍ കോഴയില്‍ വീണ്ടും വിഴുപ്പലക്ക്‌. കെ.എം. മാണിയെ കേസില്‍ കുടുക്കാന്‍ വിജിലന്‍സിനെവരെ കോണ്‍ഗ്രസ്‌ സ്വാധീനിച്ചെന്നു ജോസ്‌ പക്ഷം ആരോപിക്കുന്നു.മുഖ്യമന്ത്രിയാകാനുള്ള രമേശ്‌ ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന്‌ റിപ്പോർട്ട്‌. സമ്മർദം ചെലുത്തി മാണിയുടെ പിന്തുണ നേടുകയായിരുന്നു അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ലക്ഷ്യമെന്നും അന്തരിച്ച സി എഫ്‌ തോമസ്‌ അധ്യക്ഷനായ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക്‌ ഇതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നും ഇതിൽ വ്യക്തമാക്കുന്നു.

ഇക്കാര്യം കേരളാ കോണ്‍ഗ്രസ്‌ (എം) നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കേസ്‌ ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജി തടഞ്ഞ്‌, അദ്ദേഹത്തെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നു സി.എഫ്‌.തോമസ്‌ അധ്യക്ഷനായ കമ്മിഷന്‍ കണ്ടെത്തിയതായി ജോസ്‌ പക്ഷം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാണിയെ അപമാനിച്ച ഇടതുമുന്നണിയുമായി കൂട്ടുചേരുന്നതിനെതിരേ യു.ഡി.എഫ്‌. നടത്തുന്ന പ്രചാരണം ചെറുക്കാന്‍ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഉപയോഗിക്കാനാണു ജോസ്‌ വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട്‌ ഉടന്‍ പുറത്തുവിടും. യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോര്‍ട്ട്‌ പുറത്തുവിടാതിരുന്നതെന്നും ജോസ്‌ പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്‌ഥാനത്തിലാണു റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. കേസ്‌ അന്വേഷണവേളയില്‍ വിജിലന്‍സ്‌ എ.ഡി.ജി.പിയായിരുന്ന ജേക്കബ്‌ തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു.

ആര്‍. ശെല്‍വരാജിനെ സി.പി.എമ്മില്‍നിന്ന്‌ അടര്‍ത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച്‌ പ്രതികാരം ചെയ്യാന്‍ ഇടതുമുന്നണി രാഷ്‌ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാര്‍ കോഴക്കേസെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളുരുവില്‍ മാണിയും പിണറായി വിജയനും ചര്‍ച്ച നടത്തിയെന്നാണു കോണ്‍ഗ്രസ്‌ സംശയിച്ചത്‌.

മാണി സി.പി.എം. പ്ലീനത്തില്‍ പങ്കെടുത്തതും കോട്ടയം ദേശാഭിമാനി യൂണിറ്റ്‌ ഉദ്‌ഘാടനത്തില്‍ പങ്കെടുത്തതും സംശയത്തിന്‌ ആക്കംകൂട്ടി. ഇതോടെ കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ മാണിയെ കുടുക്കാന്‍ ശ്രമിച്ചു. ആരോപണം വരുന്നതിനു തലേന്ന്‌ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട്‌ അന്നത്തെ മന്ത്രിസഭയിലെ കോണ്‍ഗ്രസ്‌ പ്രമുഖര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്‌. ആരോപണം വന്നപ്പോഴേ മാണിയും ഒപ്പം പി.ജെ. ജോസഫും രാജിക്കു തയാറായിരുന്നു. എന്നാല്‍, യു.ഡി.എഫ്‌. സമ്മതിച്ചില്ല. ജേക്കബ്‌ തോമസിനെയും സുകേശനേയും അന്വേഷണത്തിനു നിയോഗിച്ചതും ദുരൂഹമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഇടപെട്ടില്ലെങ്കിലും, കേസില്‍ ഉദ്ദേശിച്ച രീതിയില്‍ അന്വേഷണം പുരോഗമിക്കേണ്ടെന്നായിരുന്നു ഉന്നതതീരുമാനമെന്നാണു ജേക്കബ്‌ തോമസിന്റെ ആത്മകഥയിലുള്ളത്‌- ജോസ്‌ പക്ഷം ചൂണ്ടിക്കാട്ടുന്നു.

തൊട്ടുമുമ്പ്‌ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലരില്‍നിന്നും സംഭാവന വാങ്ങിയെങ്കിലും അതില്‍ ബിജു രമേശ്‌ ഉണ്ടായിരുന്നില്ലെന്നു ജോസ്‌ പക്ഷം അവകാശപ്പെടുന്നു. ബിജുവിനെ മനഃപൂര്‍വം രംഗത്തിറക്കിയതു കോണ്‍ഗ്രസ്‌ ഗൂഢാലോചനയായിരുന്നു. രാജിക്കു സമ്മതിക്കാതിരുന്നതു ജോസഫിനെ അടര്‍ത്തിയെടുക്കാനായിരുന്നു. അന്ന്‌ മാണിയെ ഒറ്റിയതിനുള്ള പ്രതിഫലമാണു യു.ഡി.എഫിലെ ജോസഫിന്റെ സ്‌ഥാനം. ഈനീക്കം മാണിയുടെ അന്ത്യത്തില്‍ കലാശിച്ചെന്നും അതിന്റെ തുടര്‍ച്ചയായാണു തങ്ങളെ മുന്നണിയില്‍നിന്നു പുറത്താക്കിയതെന്നും ജോസ്‌ പക്ഷം ആരോപിക്കുന്നു.

ഗൂഢാലോചനയിൽ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കനും അടൂർ പ്രകാശും പങ്കെടുത്തു. ഇടനിലക്കാരനായി പി സി ജോർജിന്റെ സഹായവും തേടി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമ്മൻചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയ്‌ക്ക്‌ അവസരം നൽകുകയെന്ന ഗ്രൂപ്പ്‌ രാഷ്‌ട്രീയ ലക്ഷ്യവും കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നു. ചെന്നിത്തലയുടെ ആവശ്യത്തിന് ധനമന്ത്രിയായിരുന്ന മാണി വഴങ്ങാത്തതിനെ തുടർന്നാണ് തിടുക്കപ്പെട്ട്‌ ഇത്തരമൊരു നീക്കം ഉണ്ടായത്‌. ജേക്കബ് തോമസ്, ആർ സുകേശൻ, ബാറുടമ ബിജു രമേശ്, ചില മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പലഘട്ടങ്ങളിൽ ഇതിൽ പങ്കാളികളായി. അടൂർ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെക്കൊണ്ട്‌ ആരോപണം ഉന്നയിപ്പിച്ചു. 2014 ഒക്ടോബർ 31ന്‌ മനോരമ ചാനലിലൂടെയാണ്‌ ആരോപണം ഉന്നയിച്ചത്‌.

എക്സൈസ്‌ വകുപ്പിന്റെ നടപടികളും മന്ത്രിയുടെ നിക്ഷിപ്‌ത താൽപ്പര്യങ്ങളും ബാർ ലൈസൻസ്‌ പുതുക്കലുമായി ബന്ധപ്പെടുത്തി കുരുക്കാക്കി. ഇത്‌ മാണിയാണെന്ന്‌ വരുത്തിതീർക്കുകയായിരുന്നു. കേരള കോൺഗ്രസിനോടും മാണിയോടും വർഷങ്ങളായുള്ള ചില നേതാക്കളുടെ പകയും നീക്കങ്ങൾക്ക്‌ ഊർജം പകർന്നു. അതിവേഗ പരിശോധനയ്‌ക്ക്‌ ചെന്നിത്തല ഉത്തരവിട്ടു. അന്ന്‌ എക്‌സൈസ്‌ മന്ത്രിയായിരുന്ന ‌ കെ ബാബുവിനെതിരെ പ്രാഥമിക അന്വേഷണം മാത്രമാക്കി.

മാണിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. നിലവാരമില്ലാത്ത ബാറുകൾ ഒഴികെയുള്ളവ തുറക്കാനാണ്‌ 2014 ഏപ്രിൽ രണ്ടിലെ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. ഇവ 50 എണ്ണമായിരുന്നു. മന്ത്രിസഭാ തീരുമാനശേഷം ഇത്‌ 418 എണ്ണമായതിൽ അഴിമതിയുണ്ട്‌. ഇതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ്‌ 71 പേജുള്ള റിപ്പോർട്ടിലുള്ളത്‌. കോൺഗ്രസിനൊപ്പം യുഡിഎഫിൽ തുടരുന്നത്‌ പാർടിക്കും ജനങ്ങൾക്കും ഗുണമാകില്ലെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

Top