കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് കാപ്പനോട് കോണ്‍ഗ്രസ് ഹൈക്കമാൻഡ് !.എംഎൽഎയുടെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാൻ പാലായിലെ എൻസിപി പ്രവർത്തകർ

കോട്ടയം: എൻസിപി നേതാവ് മാണിസി കാപ്പൻ കോൺഗ്രസിലേക്ക്!.. കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡും . ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായിൽ അദ്ദേഹം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാണി സി കാപ്പൻ മാത്രമാണോ അതോ എൻസിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കപ്പെടുക.

മാണി സി കാപ്പൻ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാൻ ഒരുങ്ങി എൻ സി പി പ്രവർത്തകർ. ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കും. പാലായിൽ ബൈക്ക് റാലി ഉൾപ്പെടെ സംഘടിപ്പിച്ച് ആണ് പ്രവർത്തകർ കാത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം. കാപ്പൻ ഔദ്യോഗികമായി യു ഡി എഫ് പരിപാടിയിൽ പങ്കെടുക്കുന്നത് അന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനം കെങ്കേമമാക്കാനാണ് കോട്ടയത്ത് എൻ സി പി പ്രവർത്തകരുടെ തീരുമാനം. അതിനായി അവർ ഒരുങ്ങി കഴിഞ്ഞു. ചടങ്ങുകളുടെ ക്രമീകരണം സംബന്ധിച്ച നോട്ടീസ് എൻ സി പി പുറത്തിറക്കി. രാവിലെ 9.30ന് ആർ വി പാർക്കിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥ ആരംഭിക്കും. നൂറ് ബൈക്കുകളും ആയിരത്തിനടുത്ത് പ്രവർത്തകരോടൊപ്പം നഗരത്തിൽ തുറന്ന വാഹനത്തിൽ കാപ്പൻ വേദിയിലെത്തും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇതേ സമയം വേദിയിലുണ്ടാകും.

എൻസിപി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയനേതൃത്വം കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പാലായടക്കം സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് ഇനി എൽഡിഎഫിൽ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പൻ ശരത് പവാറിനോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി മാറ്റത്തോട് അനുകൂലമായ സമീപനമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പിതാംബരൻ മാസ്റ്റര്‍ക്കുമുള്ളത്. എന്നാൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ ശരത് പവാറിനുണ്ട്. മുന്നണി വിടുന്നതിൽ പച്ചക്കൊടി കാണിക്കാൻ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നതും ഈ സാധ്യതയാണ്.

ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ വ്യാഴാഴ്ച രാവിലെ ദില്ലിയിൽ വ്യക്തമാക്കിയിരുന്നു. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എ.കെ.ശശീന്ദ്രൻ്റെ എതിർപ്പിനിടെ കേരള എൻസിപിയുടെ ഭാവിയെന്തെന്നതിൽ അന്തിമ തീരുമാനം നാളെ പ്രഫുൽ പട്ടേൽ ദില്ലിയിൽ പ്രഖ്യാപിക്കും.

ശരദ് പവാറിൻ്റെ ജൻപഥിലെ വസതിയിൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പന്‍ ശരദ് പവാറിനെ ധരിപ്പിച്ചതായാണ് വിവരം. പ്രഫുല്‍ പട്ടേലിനെ വിളിച്ച് പാലാ നല്‍കില്ലെന്ന് പിണറായി വ്യക്തമാക്കിയ കാര്യവും കാപ്പൻ പങ്കു വച്ചു. മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും മാണി സി കാപ്പന്‍ പവാറിനോട് പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കണമെന്ന പവാറിന്‍റെ ചോദ്യത്തോട് ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ടി പി പീതാംബരനും വ്യക്തമാക്കിയെന്നാണ് സൂചന.

അതേ സമയം കാപ്പന്‍റെ ഏകപക്ഷീയ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത എ കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തോട് താല്‍പര്യമില്ലെന്നും പുനരാലോചനകള്‍ വേണമെന്നും ശശീന്ദ്രൻ ആവശ്യപ്പെടുന്നു. ഇപ്പോള്‍ ദോഹയിലുളള പ്രഫുല്‍ പട്ടേല്‍ നാളെ ദില്ലിയിലെത്തിയ ശേഷം ശരദ് പവാറുമായി ചര്‍ച്ച നടത്തുന്നുണ്ട്. പിന്നീട് മാണി സി കാപ്പനും, ടി പീതാംബരനുമായും കൂടിക്കാഴ്ച നടത്തും.

മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുള്ളപ്പോള്‍ തന്നെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തി ഇടത് മുന്നണിയില്‍ തുടരണോയെന്ന ചോദ്യവും തലവേദനയാകുകയാണ്. ഇതിനൊക്കെ ഇടയിലാണ് യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള മാണി സി കാപ്പൻ്റെ ചര്‍ച്ചകൾ തുടരുന്നത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തുന്ന ശനിയാഴ്ച മാണി സി കാപ്പനും അദ്ദേഹത്തിൻ്റെ അനുയായികളും യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ വിഭാഗം അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം കൂടി പരിഗണിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക്‌ സ്വാഗതമേകി ഇതിനോടകം പോസ്റ്ററുകൾ ഇറക്കി കഴിഞ്ഞു. യു ഡി ഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് പരമാവധി നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് കാപ്പൻ. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു.

മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചതോടെ എൽ ഡി എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ശരദ് പവാറിനെ അറിയിച്ചു. മുന്നണി മാറ്റം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ഇപ്പോഴും ചില സംശയങ്ങളുണ്ടെന്നാണ് സൂചനകള്‍. പാലാ സീറ്റ് സി പി എം പിടിച്ചെടുക്കുമ്പോഴും അപമാനിക്കപ്പെട്ടുവെന്ന് കരുതുമ്പോഴും മുന്നണി വിടേണ്ടതുണ്ടോ എന്നാണ് ഇപ്പോഴും നിലനില്‍ക്കുന്ന സംശയം.

Top