മെസിയില്ലാത്ത ബാഴ്‌സ വിജയിച്ചു കയറി: അടിതെറ്റി ഇംഗ്ലീഷ് ടീമുകള്‍

നൗകാമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സി, ആഴ്‌സണല്‍ എന്നിവര്‍ പരാജയം രുചിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും മികച്ച വിജയം സ്വന്തമാക്കി.ആഴ്‌സണല്‍ സ്വന്തം മൈതാനത്ത് ഒളിമ്പിയാക്കോസിനോടും ചെല്‍സി എവേ മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോയോടുമാണ് കീഴടങ്ങിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേര്‍ ലെവര്‍ക്യൂസനെ കീഴടക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞത് ഡൈനാമോ സഗ്‌രബ്. ഗ്രൂപ്പ് ഇയില്‍ നൗകാമ്പ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബാഴ്‌സ വിജയം നേടിയത്. 82ാം മിനിറ്റില്‍ ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് നേടിയ ഗോളാണ് ബാഴ്‌സക്ക് വിജയം സമ്മാനിച്ചത്. പന്ത് കൈവശം വെച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ബാഴ്‌സയായിരുന്നു. എന്നാല്‍ മെസ്സിയുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചുനിന്നു. അതേസമയം ബയേര്‍ ലെവര്‍ക്യൂസനും ആക്രമണങ്ങള്‍ മെനയുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ അവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ബാഴ്‌സ ഗോളി തട്ടിയകറ്റി. പിന്നീട് ബാഴ്‌സയുടെ ഊഴം. ഇവാന്‍ റാക്കിറ്റിക്കിന്റെ ഹെഡ്ഡറും സാന്‍ഡ്രോ റാമിറസിന്റെ ഇടംകാലന്‍ ഷോട്ടും ലെവര്‍ക്യൂസന്‍ ഗോളി രക്ഷപ്പെടുത്തി. കളിയുടെ ഗതിക്കെതിരായി 22ാം മിനിറ്റില്‍ ലെവര്‍ക്യൂസന്‍ ലീഡ് നേടി. കോര്‍ണറിനൊടുവില്‍ ബാഴ്‌സ ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്ത് പാപഡോപൗലസ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ചില അവസരങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിലും ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് കുറവുണ്ടായില്ലെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 80ാം മിനിറ്റിലാണ് ലെവര്‍ക്യൂസന്‍ പ്രതിരോധക്കോട്ട പൊട്ടിച്ച് കറ്റാലന്‍സ് സമനില പിടിച്ചത്. എല്‍ ഹദാദിയുടെ ഇടംകാലന്‍ ഷോട്ട് ലെവര്‍ക്യൂസന്‍ ഗോളി തട്ടിയിട്ടെങ്കിലും പന്ത് പിടിച്ചെടുത്ത സെര്‍ജി റോബര്‍ട്ടോ വലംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. രണ്ട് മിനിറ്റിനുശേഷം ലൂയി സുവാരസ് ബാഴ്‌സയുടെ വിജയഗോളും നേടി. ആദ്യ മത്സരത്തില്‍ റോമയോട് 11ന് സമനില പാലിച്ച ബാഴ്‌സയുെട ആദ്യ വിജയമാണിത്. മറ്റൊരു മത്സരത്തില്‍ ബെയ്റ്റ് ബോര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ റോമയെ കീഴടക്കി.ഗ്രൂപ്പ് എഫില്‍ ആന്‍ഫീല്‍ഡില്‍ നടന്ന കളിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ഒളിമ്പിയാക്കോസിനോട് പരാജയപ്പെട്ടത്. എവേ മത്സരത്തില്‍ ഒളിമ്പിയാക്കോസിനായി 33ാം മിനിറ്റില്‍ പാര്‍ഡോ, 66ാം മിനിറ്റില്‍ ഫിന്‍ബോഗ്‌സണ്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ 40ാം സ്വന്തം വലയില്‍ പന്തെത്തിച്ച് ഓസ്പിനയും ഒളിമ്പിയാക്കോസിന് ഒരു ഗോള്‍ സമ്മാനിച്ചു. 35ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ട്, 65ാം മിനിറ്റില്‍ ചിലിയന്‍ സൂപ്പര്‍താരം അലക്‌സി സാഞ്ചസ് എന്നിവര്‍ ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടു. ആഴ്‌സണലിന്റെ രണ്ടാം പരാജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ആഴ്‌സണലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഡൈനാമോ സഗ്‌രബിന് ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ അടിതെറ്റി. പോളിഷ് ക്യാപ്റ്റനും സൂപ്പര്‍താരവുമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അലയന്‍സ് അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ എതിരാളികളെ അരിഞ്ഞുവീഴ്ത്തിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം ഇതോടെ പത്തായി. കഴിഞ്ഞയാഴ്ച വോള്‍വ്‌സ്ബര്‍ഗിനെതിരെ ബുന്ദസ് ലീഗില്‍ ഒമ്പത് മിനിറ്റിനിടെ അഞ്ച് ഗോളുകള്‍ നേടി ചരിത്രം കുറിച്ച ലെവന്‍ഡോവ്‌സ്‌കി ബുധനാഴ്ച മെയ്ന്‍സിനെതിരെ രണ്ടെണ്ണവും നേടി. ഇന്നലെ 21, 28, 55 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിച്ചത്. 13ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയും 25ാം മിനിറ്റില്‍ മരിയോ ഗോട്‌സെയുമാണ് മറ്റ് സ്‌കോറര്‍മാര്‍. ബയേണിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഗ്രൂപ്പ് ജിയില്‍ ചെല്‍സിക്കും അടിതെറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ട്ടോക്ക് മുന്നില്‍ നീലപ്പടയുടെ തോല്‍വി. പോര്‍ട്ടോക്കുവേണ്ടി 39ാം മിനിറ്റില്‍ ബ്രാസ് ആന്ദ്രെയും 52ാം മിനിറ്റില്‍ മെയ്‌ക്കോണും ലക്ഷ്യം കണ്ടപ്പോള്‍ ചെല്‍സിയുടെ ആശ്വാസഗോള്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് വില്ല്യന്‍ നേടി. മറ്റൊരു മത്സരത്തില്‍ മക്കാബി ടെല്‍ അവീവ് തുടര്‍ച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി. ഡൈനാമോ കീവാണ് ഇന്നലെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടെല്‍ അവീവിനെ കീഴടക്കിയത്. ഗ്രൂപ്പ് എച്ചില്‍ സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. സ്വന്തം മണ്ണില്‍ നടന്ന കളിയില്‍ കെഎഎ ജെന്റിനെ 21ന് അവര്‍ പരാജയപ്പെടുത്തി. ലിയോണിനെ 10ന് പരാജയപ്പെടുത്തി വലന്‍സിയ ആദ്യ വിജയം നേടി.

Top