സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീട പ്രതീക്ഷകള്‍ നില നിര്‍ത്തിയത്. രണ്ട് ഗോള്‍ നേടിയ മെസി ബാഴ്‌സലോണക്ക് വേണ്ടി 500 ഗോള്‍ തികച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനം തുല്യ ശക്തികളുടേതായിരുന്നു. ഇരു ഗോള്‍ മുഖത്തേക്കും പന്ത് നിരന്തരം കയറിയിറങ്ങി. സ്വന്തം കാണികളുടെ മുന്നില്‍ കാസമിറോ വഴി റയലാണ് ആദ്യം മുന്നിലെത്തിയത്. അധികം വൈകും മുമ്പേ മെസിയുടെ അതി മനോഹര ഗോളുമെത്തി. ഇതിനിടെ മെസിക്ക് പരുക്കേറ്റത് ബാഴ്‌സ ക്യാമ്പില്‍ ആശങ്കയുണ്ടാക്കി. രണ്ടാം പകുതി പിന്നിട്ടപ്പോള്‍ ഇവാന്‍ റാക്കിട്ടിച്ചിന്റെ റോക്കറ്റ് ഷോട്ടില്‍ ബാഴ്‌സ മുന്നിലെത്തി.
തൊട്ട് പിന്നാലെ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കറ്റാലന്‍ പട ജയം ഉറപ്പിച്ചിരിക്കെ പകരക്കാരനായിറങ്ങിയ ഹാമേസ് റോഡ്രിഗസ് റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന സെക്കന്റുകളിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയെങ്കിലും റയല്‍ ഒരു മത്സരം കുറവാണ് കളിച്ചിട്ടുളത്.