കൊച്ചി : ബിഡിജെഎസ് വോട്ടുകള്‍ അന്‍പതു ശതമാനം മറിച്ചാല്‍ ആ മുന്നണിയാണ് കേരളം ഭരിക്കുക.അതിനാലാണ് മറ്റു പാര്‍ട്ടികള്‍ ബിഡിജെഎസിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ബിഡിജെഎസിന് സംസ്ഥാനത്ത് എല്ലായിടത്തും ബൂത്ത് തലം വരെ കമ്മിറ്റികളുണ്ട്. ഒരു നിയോജക മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും മാത്രമുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുന്ന സംസ്ഥാനമാണിത്. അതിനാൽ കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ബിഡിജെഎസ് മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു . എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചയാവുന്നതിനിടയിലാണ് തുഷാറിന്റെ പ്രസ്താവന.
കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി ബിഡിജെഎസിനുണ്ടെന്ന് ആലുവയില്‍ പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസിനെ ആര്‍ക്കും തടയാനാവില്ല. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ഭുതം സൃഷ്ടിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു ലഭിച്ച വോട്ടില്‍ ബഹുഭൂരിപക്ഷവും ബിഡിജെഎസിന്റേതാണെന്ന് തുഷാര്‍ അവകാശപ്പെട്ടു. ബിഡിജെഎസ് വോട്ടുകള്‍ അന്‍പതു ശതമാനം മറിച്ചാല്‍ ആ മുന്നണിയാണ് കേരളം ഭരിക്കുക. സാമൂഹിക നീതിക്കു വേണ്ടിയാണ് ബിഡിജെഎസ് നിലകൊള്ളുന്നത്. അതിനു വേണ്ടി ആരുമായും കൂട്ടുകൂടും. പാര്‍ട്ടി ആരുടെയെങ്കിലും വാലോ ചൂലോ ്അല്ലെന്നും തുഷാര്‍ പറഞ്ഞു.
ഭരണതലത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ എന്‍ഡിഎയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ബിഡിജെഎസ്. ബിഡിജെഎസ് ബിജെപി ബന്ധം അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫില്‍ ചേരണമെന്നും എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.