ആറു മണ്ഡലങ്ങളിൽ ബിഡിജെഎസിനു സിപിഎം പിൻതുണ; മറ്റിടങ്ങളിൽ സിപിഎമ്മിനെ രഹസ്യമായി സഹായിക്കാൻ വെള്ളാപ്പള്ളിയും മകനും

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: ആറു നിയോജക മണ്ഡലങ്ങളിൽ രഹസ്യമായി ബിഡിജെഎസിനെ പിൻതുണയ്ക്കാൻ സിപിഎമ്മിൽ ധാരണ. തോമസ് ഐസക്കുമായി അടുത്ത ബന്ധമുള്ള ആലപ്പുഴ ജില്ലയിലെ എസ്എൻഡിപി നേതാവിന്റെ മധ്യസ്ഥതയിൽ വെള്ളാപ്പള്ളി നടേശനും സിപിഎം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖനും തമ്മിൽ ആലപ്പുഴയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്പോൾ സിപിഎമ്മും ബിഡിജെഎസും തമ്മിൽ ധാരണയിൽ എത്തിയിരിക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ബിഡിജെഎസിനെതിരായ പരസ്യ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനു ധാരണയായിട്ടുണ്ട്.
ബിജെപി സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കേരളത്തിൽ ഭരണം ലഭിക്കില്ലെന്നു ഉറപ്പായതോടെയാണ് വെള്ളാപ്പള്ളി നടേശനും സംഘവും കാലുമാറ്റി ചവിട്ടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആറു സീറ്റെങ്കിലും കേരളത്തിൽ നിന്നു സ്വന്തമാക്കിയാൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിനു ഇടതു മുന്നണി അധികാരത്തിൽ എത്തുമ്പോൾ ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കും. ഇതു മുന്നിൽ കണ്ടാണ് ഇപ്പോൾ ബിഡിജെഎസ് മുന്നണി പുതിയ തന്ത്രങ്ങൾ രൂപം കൊടുത്തിരിക്കുന്നത്.
സിപിഎമ്മിന്റെ ഘടകകക്ഷികൾ മത്സരിക്കുന്ന ആറു സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ സിപിഎം പിൻതുണയ്ക്കും. ഇതിനു പ്രത്യുപകാരമായി സിപിഎം സ്ഥാനാർഥികൾക്കു വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ എസ്എൻഡിപി ബിഡിജെഎസ് വോട്ടുകൾ കൂട്ടത്തോടെ ഇടതു മുന്നണിക്കു നൽകുന്നതിനാണ് ധാരണയിൽ എത്തിച്ചേർന്നിരിക്കുന്നത്. ബിജെപിയ്ക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിഡിജെഎസ് വോട്ടുകൾ സിപിഎമ്മിനു നൽകുമെന്നും ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിഡിജെഎസിന്റെ പിൻതുണ കൂടി ലഭിക്കാൻ നൂറിലേറെ സീറ്റുകൾ നേടി ഇടതു മുന്നണിക്കു അധികാരത്തിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top