ജാവ: സെല്‍ഫികളെടുക്കുക എന്നത് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എവിടേക്ക് യാത്ര പോയാലും മൊബൈലില്‍ സെല്‍ഫികളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഒരു സ്വസ്ഥത ലഭിക്കു എന്ന അവസ്ഥയാണിപ്പോള്‍. അത്തരത്തിലുള്ള സെല്‍ഫി സ്‌നേഹികള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ കൊണ്ട് തങ്ങളുടെ കൂട്ടുകാരെ അമ്പരപ്പിക്കാന്‍ ഇന്ത്യോനേഷ്യയില്‍ ഒരു കിടിലം സ്ഥലമുണ്ട്. ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ജാവയുടെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ‘ഉമ്പുല്‍ പോങ്കോക്ക്’ എന്ന പ്രദേശമാണ് ഇത്തരത്തിലുള്ള സന്ദര്‍ശകരെ മാടി വിളിക്കുന്നത്. കണ്ണാടി പോലെ നേര്‍ത്ത ജലമാണ് ഈ ഭാഗത്തെ കടലിലെ പ്രത്യേകത. വളരെ നേര്‍ത്ത വെള്ളമായത് കൊണ്ട് തന്നെ ഫോട്ടോ എടുത്താല്‍ എല്ലാം വളരെ വ്യക്തമായി പതിയും. സഞ്ചാരികള്‍ വ്യത്യസ്ഥ തരത്തിലുള്ള ഫോട്ടോകള്‍ എടുക്കുവാന്‍ വേണ്ടി പല വിധ വസ്തുക്കളുമായാണ് വെള്ളത്തിനടിയിലേക്ക് പോവുക. ഇവയില്‍ ബൈക്കും ടെലിവിഷനും ലാപ്പ് ടോപ്പും വരെ ഉള്‍പ്പെടും. വര്‍ണ്ണ മത്സ്യങ്ങള്‍ ചുറ്റും നീന്തി കളിക്കുന്നതിനിടെ കസേരയില്‍ ഇരുന്ന് ടിവി കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ആരെയും അതിശയിപ്പിക്കും. ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന തരത്തിലും ചിത്രങ്ങള്‍ എടുക്കാം. അങ്ങനെ സെല്‍ഫികളുടെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയൊരു ടൂറിസം പരീക്ഷണം കൂടി വളര്‍ത്തിയെടുക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.