പറവൂര്‍: പുരുഷന്‍മാരുടെ വിഹാര ഭൂമിയെന്ന നിലയിലാണ് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ നാളിത്വരെ പരിഗണിക്കപ്പെട്ടിരുന്നത്. മദ്യം വാങ്ങാനായി എപ്പോഴെങ്കിലും സ്ത്രീകളെത്തിയാല്‍ ചിത്രവും വാര്‍ത്തയുമായി ഇന്റര്‍നെറ്റില്‍ പടരുന്ന സ്ഥലം. ഉദ്യോഗസ്ഥരായിപ്പോലും വനിതകളെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സ്ഥലമെന്ന രീതിയില്‍ ബിവറേജസ് മാറ്റപ്പെട്ടു. എന്നാല്‍, ബിവറേജസിലെ ഈ പുരുഷ കുത്തക തകര്‍ക്കുകയാണ് ഷൈനി രാജീവ്. എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ പി.എസ്.സി.യുടെ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈനി രാജീവി (43) ന് നിയമനം ലഭിച്ചതോടെയാണിത്.
ഇതുവരെ പുരുഷന്‍മാര്‍ കൈയാളിയിരുന്ന ബിവറേജസ് ഔട്ട്ലെറ്റിലെ ലക്ഷങ്ങളുടെ മദ്യക്കച്ചവടം ഇതോടെ സ്ത്രീകളുടെ അധീനതയിലും മേല്‍നോട്ടത്തിലുമാവുകയാണ്. കെയ്സുകളില്‍ നിറച്ചുവരുന്ന വിവിധ ബ്രാന്‍ഡ് മദ്യത്തിന്റെ സ്റ്റോക്കും വില്‍പ്പനയും ഉള്‍പ്പെടെയുള്ള കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്ക് നല്‍കിയിട്ടുള്ളത്. അധ്യാപികയാകാന്‍ ആഗ്രഹിച്ച് സോഷ്യല്‍ സയന്‍സില്‍ ബി.എഡ്. പാസായ ഷൈനി എച്ച്.എസ്.എ. പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനായില്ല. അതിനിടെ മൂന്നു വര്‍ഷം മുമ്പ് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു. ആ ജോലി തുടര്‍ന്നു വരികെയാണ് ഇപ്പോള്‍ പുതിയ നിയമനം.
ഇതു ലഭിക്കുന്നതിനും ഏതാനും വര്‍ഷത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നതായും ഷൈനി പറയുന്നു. പി.എസ്.സി. വിജ്ഞാപന പ്രകാരം 2010-ല്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലേക്കായി നടത്തിയ എല്‍.ഡി.സി. പരീക്ഷയില്‍ ഷൈനി 526-ാം റാങ്കുകാരിയായി. റാങ്കില്‍ മുകളിലെത്തിയ കുറച്ചു വനിതകളെ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസില്‍ നിയമിച്ചു. നിയമനം കാത്തിരിക്കുന്നതിനിടെ റാങ്ക് ലിസ്റ്റില്‍ തന്നെക്കാള്‍ താഴെ സ്ഥാനത്തുള്ള പുരുഷന്‍മാര്‍ക്ക് കോര്‍പ്പറേഷനില്‍ നിയമനം ലഭിച്ചതായി അറിവായി. അതോടെ ഷൈനി ഉള്‍പ്പെടെ ഏഴു വനിതകള്‍ ഇതു ചൂണ്ടിക്കാട്ടി 2012-ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരാണെന്ന് ഹര്‍ജിയില്‍ ഇവര്‍ അറിയിച്ചിരുന്നു.
കേരള അബ്കാരി നിയമപ്രകാരം വനിതകളെ മദ്യവില്‍പ്പനയ്ക്ക് നിയോഗിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. ഇതുമൂലമാണ് ഔട്ട്ലെറ്റുകളില്‍ കോര്‍പ്പറേഷന്‍ വനിതകളെ നിയമിക്കാതിരുന്നത്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം നടത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് 2017 ഏപ്രിലില്‍ കോടതി നിരീക്ഷിച്ചതോടെയാണ് ഷൈനിയുടെ നിയമനത്തിന് വഴി തെളിഞ്ഞത്. വ്യാഴാഴ്ച രാവിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചാലക്കുടി വെയര്‍ഹൗസിലെത്തി മാനേജര്‍ സി.എം. സുനില്‍കുമാറിന്റെ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയോടെ കണക്കന്‍കടവിലെ ഷോപ്പിലെത്തി ജോലിയില്‍ പ്രവേശിച്ചു.
നിത്യവും രാവിലെ പത്തു മുതല്‍ രാത്രി ഒന്‍പതു വരെയാണ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം. കര്‍ഷകനായ പുത്തന്‍വേലിക്കര വെണ്‍മനശേരില്‍ രാജീവാണ് ഷൈനിയുടെ ഭര്‍ത്താവ്. രണ്ടാം വര്‍ഷം ഡിഗ്രിക്കു പഠിക്കുന്ന ചാര്‍വാകന്‍ മകനും ഒന്‍പതില്‍ പഠിക്കുന്ന ശബരി മകളുമാണ്. ജോലി ഒട്ടും ബുദ്ധിമുട്ടായി തോന്നുന്നില്ലെന്നും ഷോപ്പിലെ മറ്റു ജീവനക്കാരുടെ പൂര്‍ണമായ സഹകരണം തുടക്കത്തിലേ ലഭിക്കുന്നുണ്ടെന്നും ഷൈനി പറഞ്ഞു.