റഷ്യ: വൈവിധ്യങ്ങളായ ജീവജാലങ്ങളാല്‍ സമ്പന്നമായിരുന്നു ഹിമയുഗ കാലഘട്ടം. ഭുമി മുഴുവനും തണുത്തുറഞ്ഞ് നിന്ന ആ കാലഘട്ടത്തില്‍ കാഴ്ചയില്‍ തന്നെ അതിശയം തോന്നിപ്പിക്കുന്ന പല ജീവി വര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നതായി പിന്നീട് നടന്ന ഗവേഷണങ്ങള്‍ കണ്ടെത്തിയിരുന്നു.ഈ കാലഘട്ടത്തിലെ ജീവികളെ പറ്റി ഏവരുടെയും മനസ്സില്‍ കൗതുകം ജനിപ്പിക്കുന്ന ഒട്ടനവധി ചിത്രങ്ങളുംപല ചിത്രകാരന്‍മാരുടെയും ഭാവനയില്‍ വിരിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവിവര്‍ഗ്ഗമായിരുന്നു ആനയുടെ പിന്‍ തലമുറക്കാരായ മാമത്തുകള്‍. തണുപ്പിനെ അതിജീവിക്കാന്‍ തക്ക വണ്ണമുള്ള രോമങ്ങളും നീളന്‍ കൊമ്പുകളുമുള്ളതായി കരുതപ്പെടുന്ന ഇവ പ്രകൃതിയില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള പല തെളിവുകളും ചരിത്രകാരന്‍മാര്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ട്.കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെ അതിജീവിക്കാനാവാതെ ഈ ജീവി വര്‍ഗ്ഗങ്ങള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷരാകാന്‍ തുടങ്ങി. എതാണ്ട് 2.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിമയുഗ കാലഘട്ടമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അനുമാനിക്കുന്നത്. എന്നാല്‍ മാമത്ത് അടക്കമുള്ള ഹിമയുഗ ജീവികളുടെ അസ്ഥികളും കൊമ്പും പല്ലും ഇന്നും നശിക്കാതെ കാണപ്പെടുന്ന ഒരു സ്ഥലം ഭൂമിയിലുണ്ട്. റഷ്യയിലെ സൈബീരിയയിലെ ഗുഹകള്‍ക്കുള്ളിലാണ് ഇവ നശിക്കാതെ ഇന്നും കാണപ്പെടുന്നത്. അതീവ ശൈത്യ മേഖല ആയത് കൊണ്ടാണ് ഇവ ഇന്നും ഇവിടെ നശിക്കാതെ നിലനില്‍ക്കുവാനുള്ള പ്രധാന കാരണം. എന്നാല്‍ ഇവിടെ വന്ന് ഖനനം നടത്തി ഈ കൊമ്പുകളും മറ്റും കടത്തി കൊണ്ട് പോകുന്നവരും കുറവല്ല. ഏറെ ദുഷ്‌കരമായ പണിയാണെങ്കിലും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങളാണ് ഇവയുടെ വില. മാമത്തിന്റെ പല്ലുകള്‍ വരെ വന്‍ തുകയ്ക്കാണ് വിറ്റ് പോകുന്നത്.