നാല് ദിവസം വെള്ളത്തില്‍; ജീവന്‍ തിരിച്ചുപിടിച്ച് ഗണപതി

കുറുപ്പംപടി: മസ്തകം മുങ്ങിയ പ്രളയത്തില്‍ ഗണപതി എന്ന കൊമ്പന്‍ ദുരിതത്തിലായത് നാല് ദിവസം. പെരിയാറില്‍ വെള്ളമുയരുമ്പോള്‍ കാലടിക്കടുത്ത് താന്നിപ്പുഴയില്‍ പുഴയോട് ചേര്‍ന്ന പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു ഈ ആനയെ. നേരം പുലരുമ്പോഴേക്കും ആന മുഴുവനായി മലവെള്ളത്തില്‍ മുങ്ങി. വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച തുമ്പിക്കൈയിലൂടെ ശ്വാസമെടുക്കാന്‍ മാത്രമാണ് ആനയ്ക്ക് കഴിഞ്ഞത്.

കാലുകള്‍ തളച്ചിരുന്നതിനാല്‍ ഇവന് അനങ്ങാന്‍ പോലുമായില്ല. ആര്‍ക്കും ഇവനടുത്ത് എത്താനും കഴിഞ്ഞില്ല. വെള്ളമിറങ്ങി നാലാം ദിവസമാണ് പാപ്പാന് ആനയെ ഇവിടന്ന് മാറ്റാന്‍ കഴിഞ്ഞത്.ഭക്ഷണമില്ലാതെ ദിവസങ്ങളോളം പ്രളയജലത്തില്‍ മുങ്ങി നിന്ന ആന അവശതയിലായിരുന്നു. കുറുപ്പംപടി നെല്ലിമോളം സ്വദേശിയായ പാപ്പാന്‍ ആനയെ ലോറിയില്‍ കയറ്റി നെല്ലിമോളത്തെ പുരയിടത്തില്‍ കൊണ്ടുവന്ന് കെട്ടിയിരിക്കുകയാണ്. ക്ഷീണിതനായ ആനയ്ക്ക് ഭക്ഷണമോ വെള്ളമോ ശരിയായി കഴിക്കാന്‍ പോലുമാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലടി സ്വദേശിയാണ് ആനയുടെ ഉടമ. തടി പിടിക്കുന്ന ജോലിക്കായാണ് താന്നിപ്പുഴയില്‍ തളച്ചിരുന്നത്. നാല്‍പത് വയസ്സുള്ള ഗണപതിയുടെ ഇടംകൊമ്പ് കുത്തനെ താഴോട്ടാണ്. ഇതിനോട് ചേര്‍ന്ന് അരയടിയോളം നീളത്തില്‍ മൂന്നാമതൊരു കൊമ്പ് കൂടിയുണ്ട്. ആനകള്‍ക്ക് അപൂര്‍വമായി കണ്ടുവരുന്ന ഇടപ്പല്ലാണിതെന്ന് പറയുന്നു.

Top