ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വസതിയില്‍ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഏതാണ്ട് മൂന്ന് മണിക്കൂറോളം മോദി കൂടിക്കാഴ്ച നടത്തി. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷി മന്ത്രി രാധാമോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കാര്‍ഷിക കടം എഴുതിത്തള്ളും വരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഈ വെല്ലുവിളിക്കുള്ള മറുപടിയാവും മോദിയുടെ പുതിയ കര്‍ഷകരക്ഷാ പദ്ധതി. ബിജെപിക്കു കനത്ത തിരിച്ചടിയേറ്റ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരമേറ്റയുടന്‍ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതോടെയാണ് അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ മോദി ക്യാംപ് സജീവമാക്കിയത്.
തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനം പാലിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വലിയ തോതില്‍ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണ് ബിജെപി വൃത്തങ്ങളിലെ വിലയിരുത്തല്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജനുവരി അഞ്ചിന് അവസാനിക്കും മുന്‍പ് കര്‍ഷകര്‍ക്കുള്ള ആശ്വാസ പദ്ധതി സംബന്ധിച്ചു പ്രഖ്യാപനം നടത്താനാണ് ആലോചന. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി കര്‍ഷക രോഷം വിലയിരുത്തപ്പെട്ടതോടെയാണ് മോദി സര്‍ക്കാര്‍ ആശ്വാസപദ്ധതികള്‍ ആലോചിക്കുന്നത്.
2019 തിരഞ്ഞെടുപ്പിലും കര്‍ഷക പ്രശ്നം മുഖ്യപ്രചാരണ വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തുമെന്നും ബിജെപിക്ക് ഉറപ്പായിക്കഴിഞ്ഞു. കടം എഴുതിത്തള്ളുന്നതിന് അപ്പുറത്തേക്കുള്ള പദ്ധതികളാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. വിളകളുടെ താങ്ങുവിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ നല്‍കുന്നതിനെ കുറിച്ചാണു ചര്‍ച്ച നടക്കുന്നത്. ഈ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു നല്‍കും. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ നടപ്പാക്കിയിരുന്ന ഭവാന്തര്‍ പദ്ധതിയുടെ ചുവടുപിടിച്ചായിരിക്കും നടപടി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലെ വായ്പാ പരിധി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.