കൊച്ചി:തട്ടിപ്പ് കേസിൽ അറസ്റ്റിലായ റെജി മലയിൽ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപ . ഇതുവരെ ഇയാൾക്കെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും 60 ഓളം എടിഎം കാർഡുകൾ, 6 പാൻ കാർഡുകൾ, എന്നിവയും പിടിച്ചെടുത്തു. റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി കോടികളുടെ തട്ടിപ്പാണ് റെജി മലയില്‍ നടത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഏഴിലധികം ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കരം അടച്ച രസിത് കൃത്രിമമായി ഉണ്ടാക്കിയും പണം തട്ടിയെടുത്തയായി പരാതിയുണ്ട്. റെജി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. റെജിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് അസൂത്രണം ചെയ്തത്. ഭാര്യയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വ്യാജരേഖ ചമച്ച് പണം തട്ടിയകേസിൽ പിടിയിലായ റെജി മലയിലിനെതിരെ കൂടുതൽ പരാതിക്കാർ രംഗത്തെത്തിയിരുന്നു. ആലുവ കുറുമശേരി സ്വദേശി പ്രകാശന് 65 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയാണ് റെജി വരുത്തിവെച്ചത്. പ്രകാശാന്റെ വസ്തു ഉപയോഗിച്ച് ബാങ്ക് ലോൺ എടുത്തായിരുന്നു തട്ടിപ്പ്. 2017 ലാണ് ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തി തരാമെന്ന വ്യാജേന റെജി മലയിൽ പരേതനായ ആലുവ സ്വദേശി മാളിയക്കൽ പ്രകാശിനെ സമീപിക്കുന്നത്. 4 സെന്റ് വീടും സ്ഥലവും ഈടുവെച്ച് 19 ലക്ഷത്തിലധികം രൂപ ലോണും പാസാക്കി നൽകി. എന്നാൽ പ്രകാശന് ലഭിച്ചത് ആകട്ടെ 3.30 ലക്ഷം മാത്രം. പിന്നിട് ലോൺ പൂർണമായും അടച്ചു തീർക്കാൻ ബാങ്കിനെ സമീപിച്ചപ്പോഴാണ് റെജി മലയിൽ പ്രകാശാന്റെ വസ്തു പണയപെടുത്തി ബാങ്കിൽ നിന്നും 64 ലക്ഷം രൂപ വയ്പ്പ എടുത്തതായി അറിയുന്നത്. മരിക്കുന്നതിന് മുൻപ് പ്രകാശൻ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് ജീവനകാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ഇതിനോടകം തന്നെ നന്ദുവിന് വലിയൊരു തുക ചെലവായിട്ടുണ്ട്. ഇതിനിടയിലാണ് ലോൺ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്നുള്ള സമ്മർദ്ദം. റെജി മലയിൽ പിടിയിലായ പശ്ചാത്തലത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തത്. കൊച്ചിയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ ഇയാള്‍ കടമെടുത്തു. എന്നാല്‍ ലോണിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വായ്പ ലഭിക്കാത്ത ആളുകള്‍ക്ക് വായ്പ ഒരുക്കി കൊടുക്കുകയാണ് ഇയാളുടെ രീതി. സിബില്‍ സ്‌കോര്‍ കുറഞ്ഞാലും ലോണ്‍ തരപ്പെടുത്തി നല്‍കും. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം ഇടപെടുത്തിയാണ് ഇയാള്‍ ആളുകളെ സമീപിക്കുന്നത്. തട്ടിപ്പില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. റെജിയുടെ ഭാര്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.