പട്‌ന:ബീഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അപ്രതീക്ഷിതമായി വിള്ളലുണ്ടായിരിക്കുകയാണ്.കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് കപൂര്‍. മഹാസഖ്യത്തില്‍ നിന്ന് ചിലപ്പോള്‍ കോണ്‍ഗ്രസ് പിന്മാറിയേക്കാമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നാണ് ബീഹാര്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവായ അജയ് കപൂര്‍ പറഞ്ഞത്.സംസ്ഥാന, ജില്ലാ കോണ്‍ഗ്രസ് നേതാക്കളുമായി അജയ് കപൂര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ജനങ്ങളുടെ പ്രതീക്ഷകള്‍ എങ്ങനെയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തതെന്ന് പ്രചരിപ്പിക്കണമെന്നും നേതാക്കളോട് അജയ് കപൂര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദില്ലിയിലെ പരാജയത്തിന് ശേഷം പുതിയ തന്ത്രമൊരുക്കിയ ബിജെപി ബീഹാറില്‍ പുതു പ്രതീക്ഷ. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയും ധാര്‍ഷ്ട്യം കടുത്തതോടെ നാല് പാര്‍ട്ടികള്‍ രഹസ്യമായി യോഗം ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ ബിജെപിയിലേക്ക് വരാനുള്ള സാധ്യകളാണ് മുന്നിലുള്ളത്. ആര്‍ജെഡി മുന്നില്‍ കണ്ട് മഹാദളിത് കൂട്ടായ്മയും ഇതോടെ പൊളിയുമെന്ന് ഉറപ്പാണ്. അതേസമയം അമിത് ഷാ ബീഹാര്‍ നിലനിര്‍ത്താന്‍ എല്ലാ തന്ത്രവും പയറ്റുന്നുണ്ട്. ഇത്തരം ചെറുകക്ഷികളുടെ സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണ് ആര്‍ജെഡി നടത്തിയത്. അതാണ് ഇവരെ ചൊടിപ്പിച്ചത്. എന്നാല്‍ ബിജെപിക്കൊപ്പം നിന്നാല്‍ ഇവര്‍ ജാതി സമവാക്യം വരെ മാറ്റിമറിക്കാന്‍ സാധ്യതയുള്ളവരാണ്. അമിത് ഷാ ഇവരെ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ നേതാക്കളുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.
ബീഹാര്‍ തിരഞ്ഞെടുപ്പിന് ഇനി എട്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ചെറുകക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ആര്‍എല്‍എസ്പി, എച്ച്എഎം, വിഐപി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളാണ് രഹസ്യമായി ചര്‍ച്ച നടത്തിയത്. ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ നേരത്തെ ബിജെപിയുമായി ഇടഞ്ഞാണ് കോണ്‍ഗ്രസ് സഖ്യത്തിലെത്തിയത്. ആര്‍എല്‍ഡി നേതാവ് ശരത് യാദവ് നിതീഷിനോടും ഇടഞ്ഞിരുന്നു. ഇവര്‍ ആര്‍ജെഡി, കോണ്‍ഗ്രസ് സമീപനത്തില്‍ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷത്തെ വിചാരിച്ചതിലും വേഗത്തില്‍ പിളര്‍ത്താനാവുമെന്ന് അമിത് ഷാ സൂചിപ്പിക്കുന്നു. ആര്‍ജെഡിയുടെ വല്യേട്ടന്‍ നയമാണ് ഈ നാല് പാര്‍ട്ടികളെയും ചൊടിപ്പിച്ചത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും ഇവര്‍ അംഗീകരിച്ചിട്ടില്ല. ശരത് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ലാലുവിനെ ഇക്കാര്യം അറിയിക്കും. യാദവ വിഭാഗത്തില്‍ നിന്നുള്ള നേതാവും പരിചയസമ്പത്തും പക്വതയും ശരത് യാദവിനാണെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം ഇതൊരിക്കലും ആര്‍ജെഡി അംഗീകരിക്കില്ലെന്ന് അമിത് ഷായ്ക്ക് അറിയാം.
ഈ നാല് പാര്‍ട്ടികള്‍ക്കും നിതീഷുമായുള്ള പ്രശ്‌നം അമിത് ഷാ നേരിട്ടിറങ്ങി പരിഹരിക്കും. ജയിച്ചാല്‍ ശരത് യാദവിന് നിര്‍ണായക പദവി തന്നെ ബിജെപി നല്‍കിയേക്കും. അതേസമയം മറ്റൊരു തന്ത്രം കൂടി ഇതിലൂടെ അമിത് ഷാ നടപ്പാക്കും. കൂടുതല്‍ സീറ്റ് വേണമെന്ന ജെഡിയുവിന്റെ ആവശ്യം ഇതോടെ ഇല്ലാതാവും. ആ സീറ്റുകള്‍ ഇവര്‍ക്ക് വീതിച്ച് നല്‍കും. നിതീഷ് കുമാര്‍ സഖ്യം വിടാന്‍ തീരുമാനിച്ചാല്‍ ഇവരെ കൂടെ നിര്‍ത്തി മത്സരിപ്പിച്ച് വിജയിക്കാമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. എന്നാല്‍ ഇവര്‍ വന്നാല്‍ നിതീഷ് സഖ്യത്തിനുള്ളില്‍ ദുര്‍ബലനുമാവും.
നിതീഷിന്റെ ഓരോ നീക്കങ്ങളും അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. എന്ത് വന്നാലും കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിന് നല്‍കേണ്ടെന്നാണ ബീഹാര്‍ ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ദളിത്-ഒബിസി വിഭാഗങ്ങളെ മുന്‍ നിര്‍ത്തിയുള്ള അമിത് ഷായുടെ തന്ത്രം ഇത്തവണ നിതീഷിനെ ഞെട്ടിക്കുന്നുണ്ട്. വിവാദ പ്രസതാവനകളില്‍ നിന്ന് മാറി, ഭരണ നേട്ടങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് മറ്റൊരു നിര്‍ദേശം. നിതീഷ് തിരഞ്ഞെടുപ്പ് കാലത്ത് സഖ്യം മാറ്റുന്ന പതിവ് ബീഹാറിലുണ്ട്. എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുന്നതിനായി സജ്ജമാകാനും നിര്‍ദേശമുണ്ട്.
ആര്‍ജെഡിയുടെ വലിയ വീഴ്ച്ചയാണ് അമിത് ഷായുടെ തന്ത്രം വിജയിക്കുന്നതിന് കാരണമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ ചെറിയ പാര്‍ട്ടികള്‍ ആര്‍ജെഡിയെ സഹായിക്കുമെന്നാണ് തേജസ്വി യാദവ് കരുതിയത്. എന്നാല്‍ മോദി തരംഗത്തില്‍ ജാതി വോട്ടുകള്‍ വലിയ പ്രാധാന്യമുണ്ടാവില്ലെന്ന കാര്യം ആര്‍ജെഡി മറന്നു. ഇത്തവണ അവരെയെല്ലാം തേജസ്വി ഒഴിവാക്കി. പകരം മഹാദളിത് വോട്ടുകളെയാണ് ലക്ഷ്യമിടുന്നത്. വളരെ പിന്നോക്ക നില്‍ക്കുന്ന വിഭാഗമാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഇത് ബിജെപിക്കൊപ്പം സ്ഥിരം നില്‍ക്കുന്നവരാണ്.
എന്‍ഡിഎ 45 ശതമാനത്തിലധികം ഒബിസി-ഇബിസി വോട്ടുകള്‍ കഴിഞ്ഞ തവണ പിടിച്ചത്. ഇതിലേക്ക് കോണ്‍ഗ്രസ് സഖ്യത്തിന് എത്തിപ്പെടുക അസാധ്യമാണ്. ഇതിനിടെ സീറ്റ് വിഭജനം പെട്ടെന്ന് തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും സഖ്യത്തെ പൊളിക്കുന്നതിന്റെ വക്കിലെത്തിയിരിക്കുകയാണ്. സഖ്യത്തില്‍ സീറ്റുകള്‍ കുറയുമെന്ന ധാരണയിലാണ് ഈ നാല് പാര്‍ട്ടികള്‍. അത് സത്യവുമാണ്. എന്നാല്‍ മല്ല, ദളിത്, വോട്ടുകള്‍ ഏകീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് മറന്നു. അമിത് ഷാ വിജയിച്ചതും ഈ ഗെയിമിലാണ്. ബീഹാറില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.