തിരുവനന്തപുരം : ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചെങ്കിലും ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ അമിത്ഷായുടെ പ്രധാന പരിപാടി.സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. സംസ്ഥാന സർക്കാർ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് അദ്ദേഹം എത്തില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
സെപ്റ്റംബർ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, കോവളത്തെത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു.
അതേസമയം, അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
2019 ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബിൽക്കിസ് ബാനു സംഭവം നടക്കുമ്പോൾ അമിത് ഷാ ആയിരുന്നു ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി. ബിൽക്കിസ് ബാനുവിന്റെ കേസിൽ ആളുകളെയൊക്കെ വെറുതെ വിട്ടത് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ എന്താണ് കേരളത്തിലെ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിനു പിന്നിലെന്ന് പറയണം. ലാവ്‌ലിൻ കേസ് സുപ്രീംകോടതി എടുക്കാൻ പോകുന്നതാണോ അതോ സ്വർണക്കടത്തു കേസാണോ പ്രശ്നം? പകൽ ബിജെപി വിരോധവും രാത്രിയിൽ ബിജെപി നേതാക്കളുമായുള്ള ചർച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്’ – സതീശൻ ആരോപിച്ചു.