പിണറായി വിശ്രമത്തിലേക്ക് ?സിപിഎമ്മിൽ പ്രായപരിധി 75.

തിരുവനന്തപുരം :സിപി.എമ്മിൽ വീണ്ടും പ്രായ പരിധി കുറച്ചു .പുതിയ പ്രായപരിധി വന്നാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്താകും.പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുമോ എന്നതാകും ആദ്യ ചർച്ചകളിലൊന്ന്. 2021 ൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോഴേക്കും പിണറായി 77–ാം വയസ്സിലെത്തും. പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പെടെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചു. നിലവിൽ ഇത് 80 ആണ്. പ്രായപരിധി കർശനമാക്കിയാൽ പിണറായി വിശ്രമ ജീവിതം ആഗ്രഹിക്കുകയും ചെയ്യുമൊന്നാണ് നോക്കിക്കാണേണ്ടത്

എസ്. രാമചന്ദ്രൻ പിള്ള, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാകും. എസ്. രാമചന്ദ്രൻപിള്ള 80 പിന്നിട്ടെങ്കിലും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇളവു നൽകി പിബിയിൽ നിലനിർത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോലിയക്കോട് കൃഷ്ണൻ നായർ, ആനത്തലവട്ടം ആനന്ദൻ തുടങ്ങി 75 പിന്നിട്ട ഒട്ടേറെ പേരുണ്ട്.

കേന്ദ്രകമ്മിറ്റി / പൊളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദേശമാണ് കേരളത്തിൽ പരിഗണിക്കപ്പെടുന്നത്. രണ്ടു സമ്മേളന കാലയളവിനിടെയാണ് പ്രായപരിധി പിന്നിടുന്നതെങ്കിൽ അതിന്റെ പേരിൽ ആദ്യ സമ്മേളനത്തിൽ ഒഴിവാക്കില്ല. അടുത്ത പാർട്ടി കോൺഗ്രസിനു (2021) മുന്നോടിയായ സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പിൽ വരികയെങ്കിലും അതു മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങി.

ആരൊക്കെ പുറത്തു പോകും, ആർക്കൊക്കെ മേൽ ഘടകങ്ങളിലേക്കു വഴിയടയും, പുതുതായി ആരൊക്കെ എത്തും തുടങ്ങിയ കണക്കുകൂട്ടലുകളാണു സജീവം.എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നിർദേശം പോഷകസംഘടനകളും നടപ്പാക്കിത്തുടങ്ങി. പുതിയ സിഐടിയു കമ്മിറ്റികളിലും ഭാരവാഹികളിലും 25% സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലും ഇതു നടപ്പാക്കും.

Top