സന്ദീപ് വധക്കേസ് പ്രതികൾക്ക് നേരെ കടുത്ത പ്രതിഷേധം,തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി

കൊച്ചി :തിരുവല്ല സന്ദീപ് വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി.പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവർത്തകരെ തിരുവല്ല ചാത്തങ്കരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലം ഒന്നാം പ്രതി ജിഷ്ണു പൊലീസ് ഉദ്യോസ്ഥരോട് വ്യക്തമാക്കി. തെളിവെടുപ്പിനിടെ രോഷാകുലരായി എത്തിയ നാട്ടുകാര്‍ സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്നും ആരോപണം ഉയര്‍ത്തി. സന്ദീപിനെ കൊലപ്പെടുത്താന്‍ മറ്റൊരു കാരണവും ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ചാത്തങ്കരിയിലെത്തിച്ച പ്രതികൾക്ക് നേരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്. സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം . പ്രതികളുടെ പൂർവകാല ബന്ധങ്ങളും ക്രിമിനൽ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോൾ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രതികളുടെ ഫോൺ കോളുകൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്താനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള അഞ്ച് പേരെ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നേതൃത്വത്തില് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.

പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ പ്രതി ജിഷ്ണുവിനോട് കയര്‍ത്ത് സംസാരിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. അതേസമയം, പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ഒന്നാം പ്രതി ജിഷ്ണു മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞത്.

കൊല്ലപ്പെട്ട സന്ദീപ് കുമാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടുവെന്ന് ജിഷ്ണു പറഞ്ഞു. വധഭീഷണിയുണ്ടെന്ന് ജിഷ്ണു കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടിതിയില്‍ വാദിച്ചു. കേസിലെ അഞ്ച് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടത്.

Top