ബിനീഷ് കോടിയേരിക്ക് സ്വപ്‌നയുമായി അടുത്തബന്ധം!ബിനീഷ് വെളിപ്പെടുത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ 20 പേരും കുടുങ്ങും.ബിനീഷ് കോടിയേരി കുരുക്കില്‍ത്തന്നെ.

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ശക്തമായ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.സ്വര്‍ണ്ണക്കടത്തു, ലഹരിമരുന്നു കടത്ത് കേസുകളില്‍ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍.ഇതിന്റെ ഭാഗമായി ബംഗളൂരു നാര്‍ക്കോട്ടിക്‌സ് ബ്യൂറോയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി അടക്കം ലഭ്യമായ തെളിവുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോയ്ക്ക് കത്തു നല്‍കി. ഈ രേഖകള്‍ കൂടി ലഭ്യമായതിന് ശേഷം ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.

അതേസമയം ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിച്ചെത്തിയ ബിനീഷ് കോടിയേരിയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്കു പ്രധാനമായും ചോദിക്കാനുണ്ടായിരുന്നത് പത്തു വര്‍ഷത്തോളമായി നടത്തിയ ബിസിനസുകള്‍ക്കു പിന്നിലെ സാമ്പത്തിക സ്രോതസ്. എല്ലാം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ചതാണെന്നു പറഞ്ഞപ്പോള്‍, ചോദ്യങ്ങള്‍ ഭൂമിയിടപാടുകളെക്കുറിച്ചും ഭൂമി വാങ്ങിയവരെക്കുറിച്ചുമായി. ആകെ വലഞ്ഞ ബിനീഷ്, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധമടക്കം തുറന്നുപറഞ്ഞെന്നാണു വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയ ബിനീഷിനു തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി. കള്ളപ്പണം നിരോധന നിയമത്തിന്റെ അമ്പതാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യംചെയ്യല്‍. എഴുതിത്തയാറാക്കിയ മൊഴിയുടെ അവസാനം ബിനീഷ് ഒപ്പിടുകയും ചെയ്തു. കോടതിയില്‍ മൊഴിമാറ്റുന്നപക്ഷം ജാമ്യമില്ലാ കേസ് എടുക്കാന്‍ വ്യവസ്ഥയുണ്ട്.

വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാമെന്നു സമ്മതിച്ചാണ് 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തുവന്നത്. മയക്കുമരുന്ന് കേസില്‍ ബംഗളുരൂവില്‍ പടിയിലായ അനൂപ് മുഹമ്മദില്‍നിന്നുള്ള വിവരങ്ങള്‍ സെന്‍ട്രല്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യില്‍നിന്നു ശേഖരിച്ച ശേഷമാണ് ഇ.ഡി ബിനീഷിനെ വിളിച്ചുവരുത്തിയത്. അനൂപ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ബിനീഷിനു കുരുക്കാകുമെന്നാണു സൂചന.

അനൂപുമായി പണമിടപാടുണ്ടായിരുന്നെന്നും ബംഗളുരുവിലെ കമ്മണഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ആറു ലക്ഷം രൂപ വായ്പ നല്‍കിയെന്നും ബിനീഷ് പറഞ്ഞു. ഈ പണം തിരികെക്കിട്ടിയെന്നു തെളിവില്ലാത്തതിനാല്‍ നിക്ഷേപമായി കണക്കാക്കാനാണു തീരുമാനം. മയക്കുമരുന്നു കേസില്‍ പിടിയിലായ മറ്റുള്ളവരുമായുള്ള സൗഹൃദബന്ധവും ബിനീഷ് വെളിപ്പെടുത്തി. താന്‍ ഒരിക്കല്‍പ്പോലും മയക്കുമരുന്നിടപാടില്‍ കണ്ണിയായിട്ടില്ലെന്ന ബിനീഷിന്റെ വാദം അനൂപിന്റെ മൊഴിക്കു വിരുദ്ധമാണെന്നു സൂചനയുണ്ട്. ബിനീഷിനെ എന്‍.ഐ.എയും കസ്റ്റംസും എന്‍.സി.ബിയും വൈകാതെ ചോദ്യംചെയ്‌തേക്കും.

ബംഗളുരുവിലെ ദുരുവാണി നഗറില്‍ 2015-ല്‍ രജിസ്റ്റര്‍ ചെയ്ത ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് തന്റേതാണെന്നു ബിനീഷ് സ്ഥിരീകരിച്ചു. വിദേശനാണയ വിനിമയ കമ്പനിയായ ഈ സ്ഥാപനം വഴി കാര്യമായ പണമിടപാടുകള്‍ നടന്നിട്ടില്ല. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കൂടാതെ കമ്പനി രജിസ്റ്റര്‍ ചെയ്തത് കുറ്റകരമാണ്. ബി ക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് കമ്പനി, ഫോറെക്‌സ് റെമിറ്റന്‍സ്, യു. എ. എഫ്. എക്‌സ്. സൊലൂഷന്‍ തുടങ്ങിയ കമ്പനികളുമായുള്ള ബന്ധവും ആരാഞ്ഞു. യു.എ.ഇ.എഫ്.എക്‌സ്. ഉടമ അബ്ദുള്‍ ലത്തീഫുമായുള്ള ബന്ധം സമ്മതിച്ചു എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരത്ത് വരുമ്പോള്‍ അബ്ദുള്‍ ലത്തീഫിന്റെ കാര്‍ ഉപയോഗിച്ചത് സൗഹൃദബന്ധം കൊണ്ടാണ്. വിസ സ്റ്റാമ്പിങ്ങിനായി യു.എ.ഇ. കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണ് യു.എ.ഇ.എഫ്.എക്‌സ്. ഇതുവഴിയാണ് സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടതെന്നു ബിനീഷിന് സമ്മതിക്കേണ്ടിവന്നു. ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രത്യക്ഷത്തിലുള്ള ഉടമകള്‍ തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് ബിനീഷ് സമ്മതിച്ചു. ഇവയെല്ലാം ബിനീഷുമായി ബിനാമി ബന്ധമുള്ളവയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ഇരുപതിലധികം പേരുകളാണു ബിനീഷ് നല്‍കിയത്. ഇവരെ വൈകാതെ ചോദ്യം ചെയ്യും. കഴിഞ്ഞ നാലുവര്‍ഷത്തെ ബാങ്കിങ് ഇടപാട് വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് സാമ്പത്തിക സ്രോതസിനെപ്പറ്റി ഇ.ഡി. ചോദ്യങ്ങളുന്നയിച്ചത്. കോടികളുടെ ഇടപാടുകള്‍ വേറെയുമുണ്ടെന്നാണ് നിഗമനം. വരുമാന നികുതി അടച്ചിട്ടില്ലാത്ത ഇടപാടുകളും നടന്നിട്ടുണ്ട്.

Top