എന്‍ഐഎയ്ക്ക് പിന്നാലെ പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസും..

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസ്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കെ.ടി റമീസിന്റെ ബന്ധം എന്‍ഐഎ കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണവും അധോലോക ബന്ധങ്ങളിലേയ്ക്ക് നീങ്ങുന്നത്.

ഇതിനിടെ സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ഒരു പ്രതി കൂടി ജാമ്യാപേക്ഷ നല്‍കി. ഒടുവില്‍ അറസ്റ്റിലായ മുഹമ്മദ് അസ്‌ലമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികള്‍ക്ക് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കാളികളായതായി എന്‍ഐഎ കണ്ടെത്തിയ കെ.ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി എന്നിവര്‍ക്കാണ് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചത്.

മുഖ്യപ്രതിയായ കെ.ടി റമീസിനും മറ്റൊരു പ്രതിയായ ഷറഫുദ്ദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ ചിത്രങ്ങളും കെ.ടി റമീസ് തോക്കേന്തി നില്‍ക്കുന്ന ചിത്രങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ക്ക് അധോലോക ബന്ധമുണ്ടെന്ന നിരീക്ഷണത്തിലേയ്ക്ക് കസ്റ്റംസും എത്തിച്ചേര്‍ന്നിരിക്കുന്നത്.

Top