കോട്ടയം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസുണ്ടെന്ന് പരാതിക്കാരന്‍. ജാസ് കമ്പനിയുടെ സ്‌പോണ്‍സറും പരാതിക്കാരരനുമായ യു.എ.ഇ സ്വദേശി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016 മുതല്‍ പണമിടപാടിനെച്ചൊല്ലി ജാസ് ടൂറിസം എല്‍എല്‍സി കമ്പനിയുമായി ബിനോയിക്ക് പ്രശ്‌നങ്ങളുണ്ട്. ഒത്തുതീര്‍പ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായതോടെയാണ് കമ്പനിയുടെ സ്‌പോണ്‍സര്‍ മുഖാന്തരം ദുബായ് കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നല്‍കിയത്. കേസ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും കേസ് ഒത്തുതീര്‍ന്നിട്ടില്ലെന്നും മര്‍സൂഖി പ്രതികരിച്ചു. ബിനോയിക്ക് പണം നല്‍കാന്‍ മധ്യസ്ഥനായിരുന്ന ജാസ് ടൂറിസത്തിന്റെ മുന്‍ ഉടമ രാഹുല്‍ കൃഷ്ണ വിശദമായ പ്രതികരണങ്ങള്‍ക്ക് തയാറായില്ല.
അതേസമയം ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്ന് ആരോപണമുയർന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ്ക്കെതിരെ. ബിനോയിക്കെതിരെ ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരാതിയുടെ പകർപ്പ് മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത് . ദുബായിൽനിന്നു രക്ഷപ്പെട്ട ബിനോയിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം നടക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് സിപിഎമ്മിന്റെ ഇടപെടൽ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാൾ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു.കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ പ്രശ്നത്തിൽ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടിസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം.
തിരിച്ചടവിനത്തിൽ ബിനോയ് കഴിഞ്ഞ മേയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനില നിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും കോടിയേരിയെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. പ്രശ്നം ഉടൻ രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്.
അതേസമയം ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ ദുബായില്‍ കേസുകളൊന്നും നിലവിലില്ലെന്നും ബിനോയ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.താന്‍ അവിടെ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ട് ഒരു ചെക്ക് കേസ് നിലവിലുണ്ടായിരുന്നുവെന്നും അത് കോടതിവഴി പരിഹരിക്കപ്പെട്ടതാണെന്നം ബിനോയ് വ്യക്തമാക്കി. ഇപ്പോള്‍ ആരോപിക്കുന്നതുപോലുള്ള യാതൊരു സംഭവവും തന്റെ പേരില്‍ ഇല്ലെന്നും വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ബിനോയ് പറഞ്ഞു.
ബിനോയ് 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയാണ് രംഗത്തെത്തിയത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിരുന്നു. ചവറ എം.എല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.
തന്റെ മകന്റെ മേല്‍ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മകന്റെ കേസ് മകന്‍ തന്നെ വ്യകതമാക്കുമെന്നും കോടിയേരി പറഞ്ഞു. ഇത് പാര്‍ട്ടി പ്രശ്നമല്ലെന്നും അങ്ങനെ ആണെങ്കില്‍ മാത്രം പാര്‍ട്ടി ഇടപെട്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനി സി.പി.എം പോളിറ്റ് ബ്യൂറോയ്‌ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.