തിരൂര്‍ ബിബിന്‍ വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബിബിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തിരൂര്‍ സ്വദേശി സിദ്ദീഖ്, ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഗൂഢാലോചനാ കുറ്റത്തിന് രണ്ടു പേര്‍ പിടിയിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പെരുന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. മുഖംമൂടി ധരിച്ച് ബൈക്കുകളിലെത്തിയ ആറുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ആഗസ്ത് 24ന് രാവിലെയാണ് തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട് റോഡരികില്‍ ബിബിനെ വെട്ടേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയിലൈത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച തുഫൈലിനെ എടപ്പാള്‍ നടുവട്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. ബിപിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതും മറ്റുള്ളവരെ ഏല്‍പ്പിച്ചതും തുഫൈലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Top