ആദരം അർപ്പിച്ച് രാജ്യം; 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെത്തി; പരിക്കേറ്റ ക്യാപ്റ്റനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി.ജന. ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ ഡൽഹിയിൽ

ചെന്നൈ :ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വൈകീട്ട് ആറു മണിയോടെ ഡൽഹിയിലെത്തിക്കും. ഡൽഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. വ്യോമസേനയുടെ രണ്ടു പ്രത്യേക വിമാനങ്ങളിലാണ് കൊണ്ടുപോകുക. വെല്ലിങ്ടണിലെ സൈനിക മൈതാനിയിൽ ഗാർഡ് ഓണർ നൽകി റോഡ് മാർഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്.

അതേസമയം അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാജ്ഞലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ച് രാജ്യം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അനുശോചനം രേഖപ്പെടുത്തി. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി. ബിപിന്‍ റാവത്തിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ കാരണം മനസിലാക്കാന്‍ സൈനികതലത്തില്‍ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രി സഭയില്‍ വ്യക്തമാക്കി.

വ്യാഴാഴ്ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും അദ്ദേഹം ഇരുസഭകളിലും വായിച്ചു.

തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലെ പൊതുദര്‍ശനത്തിന് ശേഷം ജന. ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ ഭൗതീക ശരീരം ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹിയിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഔദ്യോഗിക ബഹുമതികളോടുകൂടി ശരീരം വീട്ടിലെത്തിക്കും. ജനറല്‍ ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മൃതദേഹം നാളെ ഡല്‍ഹിയില്‍ സംസ്‌കരിക്കും. ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാരം.

അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്‌സ്.സംഭവസ്ഥലത്ത് അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്ക് കുനൂരില്‍ വെച്ചാണ് അപകടമുണ്ടായത്. കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.

ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

Top