ബിപിൻ റാവത്ത് പാക്, ചൈന സേനകളെ വിറപ്പിച്ച വീരൻ !യുദ്ധമുറകളില്‍ അഗ്രഗണ്യന്‍

ന്യൂഡൽഹിരാജ്യം നടക്കത്തിലാണ് ! ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണം ഞെട്ടലോടെ ആണ് രാജ്യം ശ്രവിച്ചത് .മ്യാൻമറിലെ ആക്രണങ്ങളുടെയും നിയന്ത്രണ രേഖയ്‌ക്കിപ്പുറമുള്ള മിന്നലാക്രമണങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്ന ഏറ്റവും മുതിർന്ന സായുധ സേനാ ഉദ്യോഗസ്ഥനായിരുന്നു ബിപിൻ റാവത്ത്. മിന്നലാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രമുഖനായിരുന്ന റാവത്ത്, സുപ്രധാന കമാന്‍ഡുകളുടെ നായകനായും തിളങ്ങി. എതിരാളിയുടെ വീര്യം തകർത്തെറിയുന്നതും രാജ്യത്തെ ഓരോ പൗരനും ആത്മ‌വിശ്വാസം നല്‍കുന്നതുമായി വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ആര് വന്നാലും ഇന്ത്യ നേരിടാൻ സജ്ജമാണെന്ന വാക്കുകൾ പലപ്പോഴും എതിരാളികളെ വിറപ്പിച്ചു.

പാക്കിസ്ഥാൻ നടത്തുന്ന ദുഷ്പ്രവണതകൾ തടയാനും അവരുടെ ദൗത്യം പരാജയപ്പെടുത്താനും ഞങ്ങൾ മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്തെങ്കിലും സാഹസത്തിന് ശ്രമിച്ചാൽ അവർക്ക് കനത്ത നഷ്ടം സംഭവിച്ചേക്കാം. പാക്കിസ്ഥാനെതിരായി റാവത്ത് നടത്തിയ ഒരു നിർണായക പ്രസ്താവനയായിരുന്നു ഇത്. പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ‌ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്നു ബിരുദം നേടിയിട്ടുണ്ട്.

യുഎസിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടിയിട്ടുണ്ട്. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ ‍ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1978ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ േസവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധമുള്ള മേധാവിയായിരുന്നു ബിപിന്‍ റാവത്ത്. രാജ്യത്തെ പ്രതിരോധസേനകളുടെ പ്രവര്‍ത്തനരീതിയില്‍ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന തിയറ്റര്‍ കമാന്‍‍ഡ് രൂപവല്‍ക്കരണമെന്ന നിര്‍ദേശം ബിപിന്‍ റാവത്തിന്‍റേതായിരുന്നു.

കര, നാവിക, വ്യോമസേനകള്‍ സ്വന്തം കമാന്‍ഡുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിക്കുപകരം മൂന്നു സേനകളിലെയും ആയുധ, ആള്‍ ബലങ്ങള്‍ ഏകോപിപ്പിച്ചുള്ള സംയുക്ത കമാന്‍ഡ് ആണ് തിയറ്റര്‍ കമാന്‍ഡ്. യുഎസിന്‍റെയും ചൈനയുടെയും സേനകള്‍ തിയറ്റര്‍ കമാന്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്. സേനകളുടെ ആധുനികവല്‍ക്കരണത്തിനൊപ്പം ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതിനും ബിപിന്‍ റാവത്തിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തടക്കം 13 പേരും മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്. മരണപ്പെട്ടവരുടെ മൃതദേഹം വെല്ലിങ്ഡൺ ആശുപത്രിയിലാണുള്ളത്.

ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത് 2020 ജനുവരി ഒന്നിനാണ്. 2016- 19 കാലയളവിൽ കരസേനാ മേധാവിയും ഇന്ത്യയുടെ 26ാമത് സൈനിക മേധാവിയുമായിരുന്നു. വിശിഷ്ടസേവാ മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദം നിയന്ത്രിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം കോംഗോയിൽ സംയുക്ത സമാധാന സേനയെ നയിച്ചിരുന്നു.

ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി വിവേക് റാം ചൌധരി പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കാര്യങ്ങൾ വിശദീകരിച്ച് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരഷ്ടാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രത്യേക യോഗം ചേർന്നിട്ടുണ്ട്.

Top