ന്യൂഡല്‍ഹി: യു.പി.യിലെ ബിസാര ഗ്രാമത്തില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു. പശ്ചിമ വ്യോമസേന കമാന്‍ഡിന്‍െറ ഓഫിസ് ആസ്ഥാനമായ സുബ്രതോ പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രി ഇവരെ എത്തിച്ചതായാണ് വിവരം. അഖ് ലാഖിന്‍റെ മൂത്ത മകന്‍ മുഹമ്മദ് സര്‍താജ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്. സര്‍താജിന്‍െറ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും വ്യോമസേനാ മേധാവി ആരൂപ് റാഹ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അഖ് ലാക് കൊല്ലപ്പെട്ട ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരന്‍ ദാനിഷിന്‍െറ കാര്യങ്ങളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് സര്‍താജ് അറിയിച്ചു. സര്‍താജിന്‍റെ ജോലി സ്ഥലമായ ചെന്നൈയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചും കുടുംബം ആലോചിക്കുന്നുണ്ട്. അതേസമയം തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മുഹമ്മദ് സര്‍താജ് പറഞ്ഞു. ഞങ്ങളുടെ വേദന മനസിലാക്കുന്നതിന് പകരം രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയത്തിലാണ് ശ്രദ്ധിക്കുന്നത്. മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടി മാത്രമാണ് പല നേതാക്കളും വീട്ടില്‍ എത്തുന്നത്. സര്‍താജ് കുറ്റപ്പെടുത്തി.ഞങ്ങളുടെ കുടുംബം രാജ്യസ്‌നേഹികളാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ വ്യോമസേനയില്‍ ചേര്‍ന്നത്. എന്റെ സഹോദരൻ ഡാനിഷും സൈന്യത്തിൽ ചേരാനൊരുങ്ങുകയായിരുന്നു. മതസൗഹാര്‍ദമാണ് ജനാധിപത്യത്തിന്റെ സത്ത. നമ്മുടെ രാഷ്ട്രം മതസൗഹാര്‍ദത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സമാധാനം തകര്‍ക്കരുതെന്നാണ് എല്ലാവരോടും അപേക്ഷിക്കാനുള്ളത്. സര്‍താജ് പറഞ്ഞു.
ആരാണ് കുറ്റക്കാരെന്നോ അവരുടെ മതമെന്താണെന്നോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. നീതി ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം. അവര്‍ കൊല നടത്തി. എന്റെ സഹോദരി അതിന് ദൃക്‌സാക്ഷിയാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. പേടി കാരണം ആളുകള്‍ ഞങ്ങളുടെ ഗ്രാമം വിട്ട് പോകുകയാണ്. അത് അവസാനിക്കണം. എന്റെ പിതാവിന്റെ മരണം അവസാന സംഭവമായിരിക്കണം. ഇനി ആര്‍ക്കും ആ ഗതി വരരുത്. സര്‍താജ് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിപ്രദേശമായ ദാദ്രിക്കടുത്ത് ബിസാര ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
സമീപത്തെ ക്ഷേത്രത്തിലെ പൂജാരി മൈക്രോഫോണിലൂടെ മുഹമ്മദിന്റെ കുടുംബത്തിനെതിരെ അക്രമത്തിന് ആഹ്വാനംചെയ്‌തെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിക്കുന്നുവെന്ന പൂജാരിയുടെ വാക്കുകള്‍ കേട്ട ഒരുവിഭാഗം അക്രമംനടത്തുകയായിരുന്നു. കൊല്ലപ്പെട്ട അഖ്‌ലഖിന്റെ 22 കാരനായ മകന്‍ ഡാനിഷ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. അതേസമയം, സംഭവം നടന്ന ബിസാദ ഗ്രാമം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സന്ദര്‍ശനം വിലക്കിയിട്ടുണ്ട്.