മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരന്‍ അജ്മല്‍ കസബിനെ ഇട്ട മുറിയില്‍ തന്നെ നായിക്കിനെ കിടത്തണമെന്ന് ശിവസേന

zakir-naik

മുംബൈ: മുസ്ലീം പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ ബിജെപിയോട് ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. പാക്കിസ്ഥാനില്‍ കിടക്കുന്നവരെ ഇങ്ങോട്ടു കൊണ്ടുവരുമെന്ന്് പറയുന്നത് നിര്‍ത്തി വീട്ടില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന ഭീകരരെ പിടികൂടണമെന്നും ശിവസേന പറയുന്നു. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ തുടങ്ങിയവരെ വിട്ട് സാക്കിര്‍ നായിക്കിനെ പോലുള്ളവരെ പിടികൂടുകയാണ് വേണ്ടത്.

മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരന്‍ അജ്മല്‍ കസബിനെ ഇട്ട മുറിയില്‍ തന്നെ നായിക്കിനെ കിടത്തണം, മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന ആവശ്യപ്പെട്ടു. നായിക്കിന്റെ പ്രഭാഷണങ്ങള്‍ രാജ്യത്ത് നേരിട്ട് വിഭാഗീയത സൃഷ്ടിക്കുന്നു. മുസ്ലിംങ്ങളുടെ മിശിഹായാകാനാണ് നായിക്ക് ശ്രമിക്കുന്നതെന്നു തോന്നുന്നു. പാക്കിസ്ഥാന്‍ പുതിയ തരത്തിലുള്ള അസ്വസ്ഥതയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. നായിക്കിനെയും അദ്ദേഹത്തിന്റെ പീസ് ടിവിയെയും വിലക്കണം. ഇത്തരം കാര്യങ്ങളാണ് മുസ്ലിംകളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്.

ഹൈദരാബാദില്‍ കണ്ടെത്തിയ ഐഎസ് കേന്ദ്രത്തിന്റെ മേധാവി ഇബ്രാഹിം യെസ്ദ 10 ദിവസത്തോളം നായിക്കിന്റെ പീസ് ക്യാംപില്‍ പങ്കെടുത്തിരുന്നു. സമാധാന ക്യാംപ് എന്നു പേരിട്ടിരിക്കുന്ന ക്യാപുകളുടെ പരിണിതഫലം ഇങ്ങനെയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഇന്ത്യയെ ബലഹീനപ്പെടുത്തുകയാണ്. വിദേശത്തുനിന്നു കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുന്നതൊക്കെ മാറ്റിവച്ച് നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കുന്നവരെ കണ്ടെത്താന്‍ ശ്രമിക്കണം.

ഇതുവരെ എന്‍ഐഎയും സിബിഐയും മഹാരാഷ്ട്ര ഗോവ പൊലീസും ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ഥയ്ക്കു പുറകെയായിരുന്നു. ഇവര്‍ക്കെതിരെ തിരിയാന്‍ അന്വേഷണ സംഘം കാട്ടിയ ആവേശം നായിക്കിനെതിരെ കാട്ടണം. നായിക്ക് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Top