കൊച്ചി: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കൈമാറി. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്. വത്തിക്കാനില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സൂചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളില്‍ തുടരുന്നതില്‍ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ യുടെ പ്രസിഡന്റ് ഒസ്വാള്‍ ഗ്രേഷ്യസും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാറി നില്‍ക്കണമെന്ന നിലപാടെടുത്തു. തുടര്‍ന്നാണ് കൂടിയാലോചനകള്‍ക്ക് ശേഷം ചുമതല കൈമാറി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ പ്രധാന ചുമതലയും മറ്റ് മൂന്ന് വൈദീകര്‍ക്ക് സഹ ചുമതലകളും കൈമാറി.
> ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലെ തെളിവുകളില്‍ നിരവധി വൈരുധ്യങ്ങളുണ്ട്.
> എനിക്കും ആരോപണം ഉന്നയിച്ചയാള്‍ക്കും അവര്‍ക്ക് ഒപ്പമുള്ളവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണം. ദൈവത്തിന്റെ കൃപയാല്‍ മനപരിവര്‍ത്തനത്തിലൂടെ സത്യം പുറത്തുവരുന്നതിനാണിത്.
> ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകള്‍ കാത്തിരിക്കുന്നതിനൊപ്പം എല്ലാം ദൈവത്തിന്റെ കരങ്ങളില്‍ അര്‍പ്പിക്കുന്നു.
നേരത്തെ, പീഡന പരാതിയെ തുടര്‍ന്നു ചുമതലയില്‍ നിന്നു മാറിനില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്നു വത്തിക്കാന്‍ വിശദാംശങ്ങള്‍ തേടി. കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടിസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം 19ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു രൂപത അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു!. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്കു നൂറുകണക്കിനു പേര്‍ എത്തുന്നുണ്ട്. സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
ഇതിനിടെ ജലന്തര്‍ ബിഷപ് ഉള്‍പ്പെട്ട പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജലന്തര്‍ രൂപത പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവു ലഭിച്ചു. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തു. ഫാദര്‍ എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ പൊലീസ് സംഘങ്ങള്‍ തെളിവുശേഖരണം തുടരുകയാണ്.