കൊച്ചി:ഏറ്റവും ഗുരുതരമായ ആറാം പ്രമാണം ലങ്കിച്ച് സഭയുടെ തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെ ലൈംഗികമായി നിരന്തരരമായി പീഡിപ്പിച്ചു എന്ന ആരോപണമുള്ള ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിനും ഇരട്ട നീതി !.. വിവാദവിഷയങ്ങളില്‍ അകപ്പെടുന്ന ബിഷപ്പുമാര്‍ക്കെതിരേയുള്ള സമീപനത്തില്‍ ക്രൈസ്തവസഭകളില്‍ ഇരട്ടനീതിയും വിവേചനവുമെന്ന കടുത്ത ആരോപണം ഉയരുകയാണ് . 2008ല്‍ യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിനെതിരേ ഇതര സഭാധ്യക്ഷന്മാരും വത്തിക്കാനും സ്വീകരിച്ച നടപടിയും കന്യാസ്ത്രീ പീഡനത്തില്‍ ജലന്തര്‍ രൂപതാ ബിഷപ്പിനെതിരായ സമീപനവും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം അല്‍മായരടക്കം രംഗത്തുവന്നത്. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റേതായ കൊച്ചി രൂപതാ ബിഷപ്പിനോടുള്ള സമീപനം പിന്നാക്ക വിഭാഗത്തെ അടിച്ചമര്‍ത്താനായി പ്രയോഗിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2008 ഒക്ടോബറിലാണ് കൊച്ചി ബിഷപ്പിന്റെ യുവതിയെ ദത്തെടുക്കല്‍ വിവാദം ഉയരുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ 26കാരിയായ യുവതിയെ 59 കാരനായ അന്നത്തെ കൊച്ചി രൂപതാ ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ദത്തെടുത്ത് ഫോര്‍ട്ടുകൊച്ചിയിലെ രൂപതാ ആസ്ഥാന സമീപത്തെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയും യുവതിയുടെ രക്തം അരമനയില്‍ തളിക്കുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്.
2008 സെപ്റ്റംബറില്‍ മട്ടാഞ്ചേരി രജിസ്റ്റര്‍ ഓഫിസില്‍ ദത്തെടുക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ദത്തെടുത്തത് കാനോന്‍ നിയമപ്രകാരം തെറ്റാണെന്നും ബിഷപ്പ് ക്രൈസ്തവ രൂപതാധ്യക്ഷ പദവിയുടെ ധാര്‍മികതയും വിശ്വാസ്യതയും കളങ്കപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ജോണ്‍ തട്ടുങ്കലിനെ വത്തിക്കാനിലെ നിര്‍ദേശപ്രകാരം രൂപതാ ബിഷപ്പ് സ്ഥാനത്തുനിന്ന് 2008 ഒക്ടോബറില്‍ നീക്കിയത്. വിഷയത്തില്‍ മൂന്നംഗ മെത്രാന്‍ സമിതി അന്വേഷണം നടത്തിയെങ്കിലും 2013ല്‍ ജോണ്‍ തട്ടുങ്കല്‍ നാടുവിട്ടിരുന്നു.കാനോന്‍ നിയമമുയര്‍ത്തിയായിരുന്നു കൊച്ചി ബിഷപ്പ് ഡോക്ടര്‍ ജോണ്‍ തട്ടുങ്കലിനെ വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ കൊച്ചി രൂപതാ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
എന്നാല്‍, സഭയുടെ തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെ ലൈംഗികമായി നിരന്തരംപീഡിപ്പിക്കുകയും ഇതുസംബന്ധിച്ചു രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു വിഭാഗം കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി രംഗത്തിറങ്ങിയിട്ടും വത്തിക്കാനും ഇതര ക്രൈസ്തവ സഭാധ്യക്ഷന്മാരും നടത്തുന്ന രക്ഷിക്കല്‍ തന്ത്രം ബിഷപ്പുമാര്‍ക്കെതിരായുള്ള ഇരട്ടനീതിയും സമീപനവുമാണ് വെളിപ്പെടുന്നതെന്ന് അല്‍മായ വിഭാഗം പറയുന്നു. ക്രൈസ്തവ പിന്നാക്കക്കാരായ ലത്തീന്‍ വിഭാഗങ്ങളോടുള്ള വിവേചനമാണിത് കാണിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഇന്ന് അന്വേഷണസം ഘത്തിനു മുമ്പാകെ ഹാജരാകും. ബിഷപ്പ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എന്നാലിത് അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ, തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യഹരജി പരിഗണനയില്‍ ഇരിക്കെത്തന്നെ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്.ഇന്ന് 10 മണിക്കാണ്് ബിഷപ്പ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവുക.
ബിഷപ്പിന് നേരെ ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുമെന്നും എസ്.പി വ്യക്തമാക്കി. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു എസ്.പിയുടെ പ്രതികരണം.വിവാദങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ എത്രയും വേഗം ബിഷപ്പിന്റെ അറസ്റ്റുണ്ടാവുമെന്നാണ്് സൂചനകള്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കവെ അറസ്റ്റ് തടയണം എന്ന വാദം ബിഷപ്പിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നില്ല. കോടതി ഇത് നിരസിക്കുമോ എന്ന് ഭയന്നാണ് ഇത്തരത്തിലൊരു നീക്കം എന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.