ന്യൂഡൽഹി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപിച്ച കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് . കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും ബിഷപ്പ് ഫ്രാങ്കോക്ക് സ്വന്തം . വിവാദത്തിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ ജലന്ധറിലെ പ്രവർത്തന രീതികളും ദുരൂഹത നിറഞ്ഞതാണ്.ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്പത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ ഏജിന്റെ നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ വൈദികർക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസും സംശയങ്ങളുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളിൽ നിന്നും സന്യാസ സഭകളിൽ നിന്നും പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നൽകിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആർജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് സന്യാസ സഭയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കൽ ശ്രമിച്ചിരുന്നു എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു .
സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തി. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.
ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്‌സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു.
ഫ്രാൻസിസ്‌കൻ എന്നാണ് സ്വന്തം സഭയ്ക്ക് ഫ്രാങ്കോ നൽകിയിരിക്കുന്ന പേര്. ഫ്രാൻസിസ്‌കൻ എന്നുവച്ചാൽ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. ദാരിദ്രവും ആത്മീയതയും ബ്രഹ്മചര്യവുമാണ് ഈ രീതിയുടെ പ്രത്യേകത. ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോൺഗ്രിഗേഷൻ ആണ്. അവർ എയർ കണ്ടീഷൻ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ രീതിയും. ഇതെല്ലാം പല വിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നിലവിൽ ജലന്ധർ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്നും വ്യക്തം. കള്ളകളികളിലൂടേയും ബിസിനസ്സിലൂടേയും കിട്ടുന്ന പണമെല്ലാം ഈ സഭയ്ക്ക് കീഴിൽ നിക്ഷേപിക്കാനും കഴിഞ്ഞു.
സ്ത്രീവിഷയത്തിൽ ഉൾപ്പെട്ട വൈദികനും എഫ് എം ജെ.യിൽ അംഗമാണ്. തൃശ്ശൂരിൽനിന്ന് വിവാഹിതയായ യുവതിയുമായി സമീപകാലത്ത് മുങ്ങിയ വൈദികനെ സന്ന്യാസ സഭയുടെ ഭാഗമായി സംരക്ഷിക്കുന്നുണ്ട് യുവതി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ആരോപണങ്ങളിൽ ഉൾപ്പെട്ട് മറ്റു സഭകളിൽനിന്ന് മുങ്ങിയവരെയും സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ഇടമായി ഈ സന്ന്യാസ സഭ മാറിയതായി രൂപതയ്ക്കുള്ളിൽ ത്തതന്നെ ആരോപണമുണ്ട്. ഇത്തരക്കാരെ കുത്തിനിറച്ചതോടെ ജലന്ധർ രൂപതയിൽ ഫ്രാങ്കോയുടെ കൊള്ളരുതായ്മകളെ പിന്തുണയ്ക്കാൻ ആളുകൾ ഏറെയെത്തി. എഫ്.എം.ജെ.യുടെ രൂപവത്കരണം ചോദ്യംചെയ്ത് മുതിർന്ന വൈദികനായ ഫാ. മാത്യു പാലച്ചുവട്ടിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 15-ന് ബിഷപ്പ് ഫ്രാങ്കോയ്ക്കയച്ച കത്തും പുറത്തുവന്നിരുന്നു.
‘വെളിപാടിനെത്തുടർന്നാണ് ഈ സന്ന്യാസ സഭ രൂപവത്കരിക്കുന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. പല വൈദികരോടും ഇതിൽ ചേരാൻ താങ്കൾ ആവശ്യപ്പെട്ടെങ്കിലും ഉദ്ഘാടനദിവസം ഒരാളേ ചേർന്നുള്ളൂ. രൂപതയുടെ പൊതു തീരുമാനമല്ല, താങ്കളുടെ സ്വന്തം തീരുമാനപ്രകാരമാണ് എഫ്.എം.ജെ. തുടങ്ങിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്’-കത്തിൽ പറയുന്നു. വൈദികപഠനം നടത്തുന്നവരെ അത് മുടക്കിച്ച് സന്ന്യാസ സഭയിൽ ചേർക്കുന്നത് സാധാരണമല്ല. രണ്ടോമൂന്നോ വർഷംകൊണ്ട് വൈദികനായി വാഴിക്കാമെന്ന വാഗ്ദാനം നൽകി എട്ടുപേരെ ഇങ്ങനെ ചേർത്തത് വലിയ നേട്ടമായി. അത്തരക്കാർ എങ്ങനെ ഫ്രാൻസിസ്‌കനും മിഷനറിയുമാകും? (ഭിക്ഷാടകരെപ്പോലെ ജീവിക്കുന്നവരാണ് ഫ്രാൻസിസ്‌കൻ വൈദികർ). എഫ്.എം.ജെ.യുടെ ആപ്തവാക്യം തന്നെ പണക്കാരെ സുവിശേഷം പഠിപ്പിക്കുകയെന്നതാണ്’ – കത്തിൽ ഫാ. മാത്യു പാലച്ചുവട്ടിൽ കത്തിൽ ആരോപിച്ചിരുന്നു. ഇവയെല്ലാം ശരിയാണെന്ന് തന്നെയാണ് മറുനാടന്റെ അന്വേഷത്തിലും തെളിയുന്നത്.
1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2003 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വത്തിക്കാനിലെ ഉന്നത ബന്ധങ്ങളാണ് ജലന്ധർ ബിഷപ്പ് പദവിയിൽ ഫ്രാങ്കോയെ എത്തിച്ചതും. ഇതിലും കള്ളക്കളി നടന്നതായി കരുതുന്നവരുണ്ട്.
ഇതാദ്യമായല്ല, വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ലഭിക്കുന്നത്. മുമ്പ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടും സ്വകാര്യ ബിസിനസ് ചെയ്യുന്നു എന്നുമുള്ള ആരോപണങ്ങൾ ബിഷപ്പിനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ മൗനം പാലിച്ച സഭ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ബിഷപ്പിനെതിരേ നേരത്തേയും പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തൊലിക് നുൺഷ്യോ ജിയാംബാറ്റിസ്റ്റ ദിക്വാത്രോ വഴിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പീഡനപരാതികൾ ഉയർന്നത്. ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്ന് വ്യക്തമായതോടെയാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്.