കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതിനുപിന്നാലെ ചുമതലകള്‍ കൈമാറി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ചുമതല കൈമാറ്റം നടന്നത്. ചോദ്യം ചെയ്യലിന് കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായി കാട്ടി ബിഷപ്പ് സര്‍ക്കുലര്‍ അയച്ചു.
ഈ ചുമതല കൈമാറ്റം ബിഷപ്പ് രൂപതയ്ക്ക് പുറത്തേക്ക് പോകുമ്പോള്‍ ഉള്ള സ്വഭാവിക നടപടി മാത്രമാണെന്നാണ് സമരത്തിലുള്ള കന്യാസ്ത്രീകള്‍ പറയുന്നത്. എങ്കിലും സാധാരണ ബിഷപ്പ് പോകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളടക്കമുള്ളവ മറ്റുള്ളവരെ ഏല്‍പ്പിക്കാറില്ലെന്നും ഇത്തവണ അതുണ്ടായിട്ടുണ്ടെന്നും അത് ഒരു സ്ഥാനമൊഴിയല്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. രൂപതയുടെ ഭരണപരമായ പദവിമാത്രമാണ് ബിഷപ്പ് താല്‍ക്കാലികമായി കൈമാറിയത്. ബിഷപ്പ് എന്ന ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും. കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ മാത്രമെ ഈ പദവി വത്തിക്കാന്‍ എടുത്ത് മാറ്റുകയുള്ളു.
ഒരു ബിഷപ്പിനെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത് സഭയ്ക്ക് ലോകത്തൊട്ടാകെ വലിയ ഇടിവാകും ഏല്‍പ്പിക്കുക. ഇത്തരത്തില്‍ മാനം നഷ്ടപ്പെടാതിരിക്കാന്‍ വത്തിക്കാന്‍ കര്‍ശനമായി ഇടപെട്ടു എന്നും സൂചനയുണ്ട്. കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുന്നതാണ് കര്‍ശ തീരുമാനങ്ങളെടുക്കാന്‍ വത്തിക്കാനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്.
ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലെ തെളിവുകളില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്നും തനിക്കും ആരോപണം ഉന്നയിച്ചയാള്‍ക്കും അവര്‍ക്ക് ഒപ്പമുള്ളവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ അയച്ച സന്ദേശത്തില്‍ പറയുന്നു. ദൈവത്തിന്റെ കൃപയാല്‍ മനപരിവര്‍ത്തനത്തിലൂടെ സത്യം പുറത്തുവരുന്നതിനാണിത്. ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകള്‍ കാത്തിരിക്കുന്നതിനൊപ്പം എല്ലാം ദൈവത്തിന്റെ കരങ്ങളില്‍ അര്‍പ്പിക്കുന്നുവെന്നും ബിഷപ്പ്.
നേരത്തെ, പീഡന പരാതിയെ തുടര്‍ന്നു ചുമതലയില്‍ നിന്നു മാറിനില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്നു വത്തിക്കാന്‍ വിശദാംശങ്ങള്‍ തേടി. കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടിസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം 19ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു രൂപത അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്കു നൂറുകണക്കിനു പേര്‍ എത്തുന്നുണ്ട്. സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.