ഫ്രാങ്കോയ്ക്ക് വേണ്ടി രക്ഷാസേന രംഗത്ത്…വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു’ എന്ന ഒരു ആശങ്ക പരത്തി ബിഷപ്പിനെ രക്ഷിക്കാൻ നീക്കം .ബിഷപ്പ് ഫ്രാങ്കോ ഞായറാഴ്ച തന്നെ കേരളത്തില്‍ എത്തി?മാധ്യമപ്രവര്‍ത്തകരെ ‘വേണ്ടപോലെ കൈകാര്യം’ ചെയ്യാനും തീരുമാനം

കോട്ടയം: ഫ്രാങ്കോയ്ക്ക് വേണ്ടി സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ രക്ഷാസേനയെന്ന ആരോപണം . ഫ്രാങ്കോ കേരളത്തില്‍ എത്തുമ്പോള്‍ മുതല്‍ തിരിച്ച് ജലന്ധറിലേക്ക് വിമാനം കയറുമെന്ന് ഉറപ്പാക്കുന്നത് വരെ എന്തും ചെയ്യാനൊരുങ്ങി ഒരു രക്ഷാസേനയെയാണ് ഒരുക്കിയിരിക്കുന്നത് . സീറോ മലബാര്‍ സഭയിലെ ചില ബിഷപ്പുമാരുടെ ആശീര്‍വാദത്തോടെ രൂപീകരിച്ചതായാണ് വിവരം. ശനിയാഴ്ച സഭയിലെ വിശ്വാസികളുടെ ഒരു സംഘടന എറണാകുളത്തുള്ള സഭയുടെ ഒരു ആസ്ഥാനമന്ദിരത്തില്‍ രഹസ്യയോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ രൂപതകളില്‍ നിന്നും സംഘടനയിലെ രണ്ടു പേര്‍ വീതം യോഗത്തിനെത്തിയിരുന്നു. ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചോദ്യം ചെയ്താല്‍ സംഘര്‍ഷമുണ്ടാക്കാനും ‘വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു’ എന്ന ഒരു ആശങ്ക പരത്തി ബിഷപ്പിനെ രക്ഷിക്കാനുമാണ് നീക്കം. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ ‘വേണ്ടപോലെ കൈകാര്യം’ ചെയ്യാനും തീരുമാനമുണ്ട്. ജലന്ധറില്‍ ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കു നേരെ നടന്ന ആക്രമണം മറക്കാനാവില്ല. അവിടേയും ഫ്രാങ്കോയെ രക്ഷിക്കാന്‍ പ്രത്യേക സേനയുണ്ടായിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിയെയും ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയേയും രക്ഷിക്കാന്‍ ഓടിനടന്ന നേതാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ബിഷപ്പ് ഫ്രാങ്കോ ഞായറാഴ്ച തന്നെ കേരളത്തില്‍ എത്തിയതായും വിവരമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കിയ ബിഷപ്പ് കോയമ്പത്തൂര്‍ വഴിയാണ് എത്തിയതെന്നാണ് സൂചന. തൃശൂരില്‍ എത്തിയ ശേഷം ഇദ്ദേഹം എറണാകുളത്തുള്ള സീറോ മലബാര്‍ സഭയുടെ കാര്യാലയത്തില്‍ എത്തിയതായും സൂചനയുണ്ട്. ഇവിടെ ഒളിവില്‍ കഴിയുന്ന ബിഷപ്പ് പല ക്രിമിനല്‍ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിക്കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഹര്‍ജികള്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞുവെന്നും വിവരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താത്ക്കാലികമായി സ്ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കത്തയച്ചു എന്ന വാര്‍ത്തക്കുറിപ്പില്‍ സംശയം പ്രകടിപ്പിച്ച് രൂപതയില്‍ നിന്നുള്ള വൈദികരും പരാതിക്കാരിയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളും. കത്ത് വലിയയൊരു തട്ടിപ്പിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി വൈദികര്‍ പറയുന്നു. കത്ത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിസ്റ്റര്‍ അനുപമയും പറഞ്ഞു.franco MULACKEL AND anupama

കത്തോലിക്കാ സഭയില്‍ താത്ക്കാലികമായി സ്ഥാനത്യാഗം എന്നൊരു സമ്പ്രദായം ഇല്ലെന്നാണ് വൈദികര്‍ പറയുന്നത്. സ്ഥാനത്യാഗം നടന്നാല്‍ പിന്നെ ആ പദവിയില്‍ തിരിച്ചെത്താനാവില്ല. രണ്ടാമതായി, ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം നടത്തിയെങ്കില്‍ അത് സംബന്ധിച്ച് രൂപതയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. ഇവിടെ വാര്‍ത്തക്കുറിപ്പ് ഇറക്കിയത് ഫ്രാങ്കോയുടെ വലംകയ്യായ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുപുറമാണ്. ഫ്രാങ്കോയ്ക്കു വേണ്ടി ഇതുവരെയുള്ള വാര്‍ത്താക്കുറിപ്പുകള്‍ എല്ലാം പുറത്തുവിട്ടത് ഫാ.പീറ്റര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭരണപരമായ ചുമതലകള്‍ മുതിര്‍ന്ന വൈദികന് കൈമാറിക്കൊണ്ടുള്ള കത്തില്‍ ഒപ്പുവച്ചിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയും ചാന്‍സലറുമാണ്. മൂന്നാമതായി, സ്ഥാനത്യാഗം സംബന്ധിച്ച് ബിഷപ്പ് ഫ്രാങ്കോ കത്തയച്ചതായി സഭയുടെ ഒരു ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് വന്നിട്ടില്ല. ബിഷപ്പിന്റെ കത്ത് കിട്ടിയതായോ അംഗീകരിച്ചതായോ വത്തിക്കാനും അറിയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഈ വാര്‍ത്തക്കുറിപ്പില്‍ ഏറെ ദുരൂഹത സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

നിലവില്‍ വത്തിക്കാനിലുള്ള സി.ബി.സി.ഐ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ അംഗവുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്തെങ്കിലും നിര്‍ദേശം ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരിട്ട് നല്‍കിയോ എന്ന് വ്യക്തമല്ല. അക്കാര്യം സി.ബി.സി.ഐയോ വത്തിക്കാന്‍ നണ്‍ഷ്യോയോ ഡല്‍ഹി അതിരൂപതയോ ആണ് വ്യക്തമാക്കേണ്ടത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ ഇതുവരെ ബിഷപ്പ് ഫ്രാങ്കോ നടത്തിയ നീക്കങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്താക്കുറിപ്പെന്നും പരാതിക്കാരിക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമ ആരോപിക്കുന്നു. ഞങ്ങളുടെ സമരം തണുപ്പിക്കുന്നതിനും ബിഷപ്പ് ഇവിടെയെത്തുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാതിരിക്കാനുമുള്ള നീക്കമാണിത്. ബിഷപ്പ് ഇതിനകം തന്നെ കേരളത്തില്‍ എത്തിയതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ഇന്നോ നാളെയോ ബിഷപ്പ് കോടതിയെ സമീപിക്കാന്‍ നീക്കമുള്ളതായും വിവരം കിട്ടി. മുന്‍കൂര്‍ ജാമ്യത്തിനോ പരാതിക്കാരിയുടേയും ഞങ്ങളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടേക്കാം. എന്തുനീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.

അറസ്റ്റ് അനിവാര്യമാണ്. അതിനാല്‍ കോടതിയെ സമീപിച്ചാല്‍ അറസ്റ്റ് കുറച്ചുനാള്‍ കൂടി നീട്ടിക്കൊണ്ടുപോകാനും അതിനിടെ എന്തെങ്കിലും അട്ടിമറിയിലൂടെ രക്ഷപ്പെടാനും അദ്ദേഹം ശ്രമിച്ചേക്കും. ബിഷപ്പ് സ്ഥാനം തെറിച്ചാലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ സഭാനേതൃത്വവും എന്തുചെയ്യും. ഈ സാഹചര്യത്തില്‍ വത്തിക്കാനില്‍ നിന്നോ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നോ അറിയിപ്പുണ്ടാകാതെ ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം ചെയ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. സമരം ശക്തമാക്കും.

ഫ്രാങ്കോയുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ പോലീസും ഒത്തുകളിക്കുമോ എന്ന് സംശയിക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടണം. ശിക്ഷ കിട്ടണമെങ്കില്‍ അറസ്റ്റ് അനിവാര്യമാണ്. അതിനാണ് ഫ്രാങ്കോയുടെ അറസ്റ്റിനായി സമരം നടത്തുന്നത്. ഇതിനകംതന്നെ കേസ് അട്ടിമറിക്കാനുള്ള എത്രമാത്രം വ്യാജരേഖകള്‍ അദ്ദേഹം നിര്‍മ്മിച്ചുകാണും. എത്രമാത്രം തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞുകാണുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നുവെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

എന്നാല്‍ ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ക ണ്ടെത്തിയ വൈരുദ്ധ്യം ഇതിനകം പരിഹരിച്ചുകഴിഞ്ഞു. ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ തെളിവുകളും പക്കലുണ്ട്. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഒരു സാധ്യതയുമില്ലെന്നും പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.ഫ്രാങ്കോയെ ബുധനാഴ്ച ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കോട്ടയത്തേയോ കൊച്ചിയിലോയോ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ നൂറോളം ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും തയ്യാറാണ്.

Top