കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രാത്രി എട്ട് മണിയോടെ രേഖപ്പെടുത്തി.ബലാല്‍ത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഠനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി.അതേസമയം കത്തോലിക്കാ സഭയെ മുഴുവന്‍ പിടിച്ചുകുലുക്കിയ വില്ലന്‍ ഫ്രാങ്കോ ഐപ്പുണ്ണി മുളയ്ക്കല്‍ ബിഷപ്പ് ഫ്രാങ്കോ ആയത് ഞെട്ടിക്കുന്ന വിധത്തിൽ!..ബിഷപ്പിനെതിരെ കലാപക്കൊടി ഉയര്‍ത്തി റോമിലേക്ക് നാടുകടത്തിയ ഫ്രാങ്കോ തിരിച്ചെത്തിയത് ബിഷപ്പ് പദവി ഉറപ്പിച്ച് ആയിരുന്നു .തൃശൂര്‍ മറ്റം സുറിയാനി കത്തോലിക്കാ ഇടവകയില്‍ നിന്നും ദൈവവിളി കേട്ട് ജലന്ധറില്‍ എത്തിയ ഫ്രാങ്കോ ഐപ്പുണ്ണി മുളയ്ക്കല്‍ ഇന്ന് കത്തോലിക്കാ സഭയെ മുഴുവന്‍ പിടിച്ചുകുലുക്കിയ വില്ലന്‍.
ആരാണ് ഫ്രാങ്കോ മുളയ്ക്കല്‍? എങ്ങനെയാണ് അദ്ദേഹം ബിഷപ്പ് ആയത്?
ചെറിയൊരു വിവരണം ആകാം. പടിയിറങ്ങിയത് നിസാരക്കാരനല്ല. ഭാരത കത്തോലിക്കാ സഭയെ വിരല്‍തുമ്പില്‍ നിര്‍ത്താനുള്ള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനശേഷി. സി.ബി.സി.ഐ വടക്കന്‍ മേഖലയുടെ സെക്രട്ടറി, റോമിലെ ഇന്റര്‍ റിലിജീയസ് ഡയലോഗ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ കണ്‍സള്‍ട്ടര്‍, സി.ബി.സി.ഐ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എന്നിങ്ങനെ ഒരു പിടി നിര്‍ണായക ചുമതലകള്‍. ഒരുപക്ഷേ അടുത്ത സി.ബി.സി.ഐ അധ്യക്ഷന്‍ ആകാനുള്ള സാധ്യത.
ഏതൊരു കത്തോലിക്കാ കുടുംബത്തിലെ കൗമാരക്കാരനെ പോലെ പത്താം ക്ലാസ് കഴിഞ്ഞുനില്‍ക്കുമ്പോഴാണ് ഫ്രാങ്കോ ഐപ്പുണ്ണിക്ക് ദൈവവിളി എത്തിയത്. പഠനകാലത്ത് സ്‌കൂളില്‍ എത്തിയ ജലന്ധര്‍ രൂപതാ വൈദികര്‍ നടത്തിയ ദൈവവിളി ക്യാംപുകളും ക്രിസ്ത്യന്‍ ഭക്തമാസികകളില്‍ ദൈവവേലയ്ക്ക് കുഞ്ഞനുജന്മാരെ ക്ഷണിക്കുന്ന പരസ്യങ്ങളും കണ്ട് ആകൃഷ്ടനായി ഫ്രാങ്കോ ജലന്ധര്‍ രൂപതയ്ക്ക് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ചു.
ഫ്രാങ്കോയിലേക്ക് മടങ്ങിവരാം:
ജലന്ധര്‍ രൂപതയിലേക്ക് അന്ന് കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ഒഴുകിയെത്തുന്ന കാലം. ദൈവവിളി കേട്ട് ജലന്ധറില്‍ എത്തിയ ഫ്രാങ്കോയെ പഠനത്തിനായി നാഗ്പൂര്‍ സെമിനാരിയിലേക്ക് അയച്ചു. അന്ന് ജലന്ധര്‍ രൂപതയ്ക്ക് സ്വന്തമായി സെമിനാരികള്‍ ഉണ്ടായിരുന്നില്ല. പഠനം കഴിഞ്ഞെത്തിയ ഫ്രാങ്കോയെ ജലന്ധര്‍ രൂപതയിലെ വൈദികനായി 1990 ഏപ്രില്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. തൊട്ടുപുറകേ ഒരു ഇടവകയുടെ ചെറിയ ചുമതലയും ഏല്‍പ്പിച്ചു. ഒപ്പം രൂപതയിലെ വേദഉപദേശക സംഘത്തിന്റെ ഡയക്ടറായും ചുമതല വഹിച്ചു. ഈ സമയം സീംഫോറിയന്‍ കീപ്രത്ത് ആയിരുന്നു ബിഷപ്പ്. ഇദ്ദേഹവുമായി വൈകാതെ ഫ്രാങ്കോ ഇടഞ്ഞു. ഫ്രാങ്കോയെ ഒന്ന് ‘ഒതുക്കണമെന്ന’ ഉദ്ദേശത്തോടെ കീപ്രത്ത് പിതാവ് അദ്ദേഹത്തെ റോമിലേക്ക് ഉപരിപഠനത്തിന് അയച്ചു. റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്നും മോറല്‍ തീയോളജിയില്‍ (ധാര്‍മ്മിക ദൈവശാസ്ത്രം) പഠനം കഴിഞ്ഞ് എത്തിയ ഫ്രാങ്കോ ജലന്ധര്‍ സെമിനാരിയില്‍ മോറല്‍ തീയോളജി പ്രഫസറും ഡീന്‍ ഓഫ് തിയോളജിയുമായി ചുമതലയേറ്റു. മോറല്‍ തിയോളജിയായിരുന്നു ഗവേഷണ വിഷയമെങ്കിലും ഇക്കാലത്തും ‘മോറല്‍ സൈഡ്’ വളരെ മോശമായിരുന്നു എന്നാണ് അവിടെനിന്നുള്ള വൈദികര്‍ പറയുന്നത്.
വൈകാതെ വത്തിക്കാനില്‍ ആഗോള കത്തോലിക്കാ സഭയിലെ ഇടവക വികാരിമാരുടെ സംഘടനയുടെ കാര്യാലയത്തിലേക്ക് ചുമതല ലഭിച്ച് ഫ്രാങ്കോ റോമില്‍ എത്തി. അവിടെ നിന്നും ബിഷപ്പ് പദവിയും കയ്യില്‍പിടിച്ചാണ് ഫ്രാങ്കോ ഡല്‍ഹിയില്‍ തിരിച്ച്കാലുകുത്തിയത്. വത്തിക്കാനില്‍ ഇക്കാലത്തുണ്ടാക്കിയ സ്വാധീനവും ഡല്‍ഹിയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയിലെ ചില പ്രശ്‌നങ്ങളുമാണ് ഫ്രാങ്കോയുടെ സ്ഥാനലബ്ദിക്ക് കാരണം. 2009 ജനുവരി 17ന് ഡല്‍ഹി സഹായ മെത്രാനായി നിയമനം. 2013 ജൂണ്‍ 13ന് ജലന്ധര്‍ ബിഷപ്പായി നിയമിച്ച് പോപ്പ് ഫ്രാന്‍സിസ് കല്പനയിറക്കി. ഓഗസ്റ്റ് അഞ്ചിന് ചുമതലയേറ്റു.
ലത്തീന്‍ രൂപതയായ ഡല്‍ഹി അതിരൂപതയില്‍ ഭൂരിപക്ഷം വിശ്വാസികളും സീറോ മലബാറുകാര്‍ ആയിരുന്നു. സ്വന്തമായി രൂപതയും ഇടവകയും വൈദികരും വേണമെന്ന സീറോ മലബാറിന്റെ നിരന്തരമായ ആവശ്യം ഉയരുന്ന സമയം. (അന്ന് ഫരീദാബാദ് രൂപത സ്ഥാപിച്ചിട്ടില്ല). ഈ പ്രശ്‌നം പരിഹരിക്കാന്‍ ഡല്‍ഹി അതിരുപതയുടെ കീഴില്‍ വരുന്ന ജലന്ധര്‍ രൂപതയിലെ സീറോ മലബാറുകാരന്‍ വരട്ടെയെന്ന ആശയവും ഉയര്‍ന്നു. അന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റും ജലന്ധര്‍ ബിഷപ്പ് സിംഫോറിയനും ചേര്‍ന്നാണ് നിര്‍ദേശം വയ്ക്കുന്നത്. നിര്‍ദേശം വയ്ക്കാന്‍ സിംഫോറിയന്‍ നിര്‍ബന്ധിതനായി എന്നതാണ് യഥാര്‍ത്ഥ്യം. 2005ല്‍ ജലന്ധറില്‍ നടന്ന ഒരു ബ്രിട്ടീഷ് മിഷണറിയുടെ ദുരൂഹ മരണം ഫ്രാങ്കോയും കൂട്ടരും ശരിക്കും മുതലെടുക്കുകയായിരുന്നു.
സ്ഥാനം ഡല്‍ഹിയിലെങ്കിലും നോട്ടം ജലന്ധറില്‍
ഡല്‍ഹി സഹായ മെത്രാനായി ഇരുന്നുവെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന്റെ കണ്ണ് ജലന്ധറില്‍ ആയിരുന്നു. ഡല്‍ഹി പല നാടുകളില്‍ നിന്നും കുടിയേറിപാര്‍ത്ത പല റീത്തില്‍പെട്ട വിശ്വാസികള്‍ ഉള്‍പ്പെടുന്നതാണ്. അവിടെ സഭയ്ക്ക് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂമിയും കുറവ്. വിശ്വാസികളും എണ്ണത്തില്‍ കുറവ്. അവര്‍ക്ക് പള്ളിക്കാര്യത്തേക്കാള്‍ സ്വന്തം കാര്യം നോക്കാനാണ് താല്‍പര്യം. ഈ സമയം സമ്പത്തിന്റെ കൂമ്പാരമായി ജലന്ധര്‍ മറുവശത്ത്. സ്വദേശികളായ ലക്ഷക്കണക്കിന് വിശ്വാസികള്‍. വൈദികരെ ദൈവതുല്യരായി കാണുന്ന നിഷ്‌കളങ്കരായ വിശ്വാസികള്‍. ഡല്‍ഹിയിലെ ഭരണത്തേക്കാള്‍ ഫ്രാങ്കോ എന്തുകൊണ്ടും ഇഷ്ടപ്പെട്ടിരുന്നത് ജലന്ധറിലെ കാര്യങ്ങളില്‍ ഇടപെടാനായിരുന്നു. ഈ സമയം ബിഷപ്പ് സിംഫോറിയന്‍ സ്ഥാനമൊഴിഞ്ഞു. ഡല്‍ഹി സഹായ മെത്രാനായിരുന്ന അനില്‍ ജോസഫ് കൂട്ടോ ജലന്ധര്‍ ബിഷപ്പ് ആയി ചുമതലയേറ്റു. അപ്പോഴും ഫ്രാങ്കോയുടെ ഇടപെടല്‍ ഇവിടെയുണ്ടായി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 2012ല്‍ ഡല്‍ഹി ആര്‍ച്ച്്ബിഷപ്പ് ആയി അനില്‍ കൂട്ടോ സ്ഥലംമാറിപ്പോയി. ഈ സമയം ഫ്രാങ്കോയ്ക്ക് നറുക്കുവീണു. ഇത്രയും സ്വാഭാവിക നടപടി.
ഫ്രാങ്കോയുടെ വത്തിക്കാന്‍ സ്വാധീനം
വത്തിക്കാനില്‍ പഠിക്കുന്ന സമയത്തും ഇടവക വികാരി കാര്യാലയത്തില്‍ സേവനം ചെയ്യുമ്പോഴും വത്തിക്കാനിലെ എല്ലാ തലമുതിര്‍ന്ന സ്ഥാനക്കാരുമായി ബന്ധം സ്ഥാപിക്കാനായിരുന്നു ഫ്രാങ്കോ സമയം ചെലവഴിച്ചത്. പല കര്‍ദ്ദിനാള്‍മാരുടെയും ആസ്ഥാനത്തെ നിത്യസന്ദര്‍ശകനായിരുന്നു ഫ്രാങ്കോ. അക്കാലത്ത് വത്തിക്കാനിലുണ്ടായിരുന്ന കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍ (സുവിശേഷ വത്കരണത്തിനുള്ള സഭ) ഇന്‍-ചാര്‍ജ് കര്‍ദ്ദിനാളും (പ്രൊപ്പഗാന്ത ഫിദെ) മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന ഇവാന്‍ ഡയസുമായി ബന്ധം സ്ഥാപിച്ചു. 2011ല്‍ ഇദ്ദേഹം കാലം ചെയ്തു. പിന്നീട് ചുമതലയേറ്റ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയുമായും ബന്ധം സ്ഥാപിച്ചു. ഈ ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നു. ഫിലോണിക്ക് ഫ്രാങ്കോയോട് പിതൃതുല്യമായ സ്‌നേഹമാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ ലത്തീന്‍ മിഷന്‍ രൂപതകളുടെയും സാമ്പത്തികം അടക്കമുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രൊപ്പഗാന്ത ഫിദെ ആയ കര്‍ദ്ദിനാള്‍ ഫിലോണിയാണ്. ഇദ്ദേഹത്തിലുള്ള പിടിയാണ് ഇത്രയധികം പരാതികള്‍ ഫ്രാങ്കോയ്‌ക്കെതിരെ വത്തിക്കാനില്‍ എത്തിയിട്ടും ഒരു നടപടിയോ അന്വേഷണം പോലുമോ ഇല്ലാതെ വന്നതിന്റെ കാരണം എന്നാണ് കരുതുന്നത്.
എന്നാല്‍ സെപ്തംബര്‍ എട്ട് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിക്കുന്ന ദിനം. നീതി തേടി പരാതിക്കാരിയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ എറണാകുളത്ത് നിരാഹാര സത്യാഗ്രഹത്തിലേക്ക് കടന്നുവരുന്നു. ഇതോടെ ഫ്രാങ്കോയുടെ എല്ലാ പിടിയും അയഞ്ഞു. രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും നടത്തിയ എല്ലാ നീക്കങ്ങളും മാധ്യമങ്ങളും പൊളിച്ചു. സ്ഥിതി ഗുരുതരമാണെന്ന് വത്തിക്കാനിലും വിവരമെത്തി. ഇതോടെ ബിഷപ്പ് സ്ഥാനം ത്യജിച്ച് അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് തിരിക്കേണ്ടിവന്നു.
ജലന്ധര്‍ രൂപതയുടെ ചരിത്രം നോക്കാം:
1952 ജനുവരി 17നാണ് ജലന്ധര്‍ അപ്പസ്‌തോലിക് പ്രീഫെക്ചര്‍ രൂപീകരിക്കുന്നത്. 1971 ഡിസംബര്‍ ആറിനാണ് രൂപത പദവിയിലേിക്ക് എത്തുന്നത്. ലത്തീന്‍ സഭയുടെ കീഴിലുള്ള രൂപതയായിരുന്നു ജലന്ധറും. യൂറോപ്പില്‍ നിന്നുള്ള കപ്പൂച്ചിന്‍ ബിഷപ്പായിരുന്നു രുപതയുടെ ആദ്യ ചുമതലക്കാരന്‍. 1971 വരെ അദ്ദേഹം ബിഷപ്പായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായി എത്തിയ കോട്ടയം സ്വദേശി സിംഫോറിയന്‍ തോമസ് കീപ്രത്ത് 1972 മാര്‍ച്ച് 18ന് ചുമതലയേറ്റു. 2007 ഫെബ്രുവരി 24 വരെ അദ്ദേഹം രൂപതയെ നയിച്ചു. അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ ഡല്‍ഹി സഹായ മെത്രാനായിരുന്ന അനില്‍ ജോസഫ് തോമസ് കൂട്ടോ ജലന്ധര്‍ രൂപതയുടെ അധ്യക്ഷനായി. അനില്‍ കൂട്ടോ ഡല്‍ഹി ആര്‍ച്ച്ബിഷപ്പായി പോകുമ്പോള്‍ ഡല്‍ഹി സഹായ മെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തുന്നു.
ഒന്നുമില്ലായ്മയില്‍ നിന്നും രൂപതയെ കെട്ടിപ്പൊക്കിയ സിംഫോറിയനായിരുന്നു രുപതയുടെ ശരിയായ ശില്പി. ആദ്യകാലങ്ങളില്‍ ദാരിദ്ര്യം മാത്രമാണ് സഭയ്ക്കുണ്ടായിരുന്നത്. രൂപതയിലെ പല പള്ളികളും സ്‌കൂളുകളും നിര്‍മ്മിക്കാന്‍ സ്വന്തം വീടുകളില്‍ നിന്നും പണംകൊണ്ടുവന്ന വൈദികര്‍ പോലുമുണ്ടായിരുന്നു. വീതമായി കിട്ടിയ സ്ഥലംവിറ്റ് രൂപതയ്ക്ക് സംഭാവന നല്‍കിയവര്‍. ഇവരുടെ വിയര്‍പ്പില്‍ രൂപത വളര്‍ന്നു. രൂപതയുടെ ഏറ്റവും സുവര്‍ണ്ണകാലഘട്ടമായാണ് പിന്നീടുള്ള സമയം അറിയപ്പെടുന്നത്. ജലന്ധറിലെ പാവപ്പെട്ടവരും നിരക്ഷരരുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് സിംഫോറിയന്‍ പിതാവും അദ്ദേഹം സ്ഥാപിച്ച മിഷണീസ് ഓഫ് ജീസസ് വൈദിക സഭയിലെയും കന്യാസ്ത്രീ സമൂഹത്തിലെയും അംഗങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിച്ചു. സഭ വളര്‍ന്നു. ആശുപത്രികളും ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ജലന്ധര്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന രൂപതയായി ഉയര്‍ന്നു.
2007ല്‍ സിംഫോറിയന്‍ വിരമിച്ചു. ഈ ഒഴിവിലേക്ക് അന്ന് ഡല്‍ഹി സഹായമെത്രാന്‍ ആയിരുന്ന അനില്‍ ജോസഫ് കൂട്ടോയെ നിയമിച്ചു. 2012 നവംബര്‍ 30വരെ അദ്ദേഹം തുടര്‍ന്നു. ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് വിന്‍സെന്റ് വിരമിച്ചതോടെ അദ്ദേഹം ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് ആയി ചുമതലയേറ്റു. ഈ സമയത്ത് ഡല്‍ഹി സഹായ മെത്രാന്‍ ആയിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തുകയും 2013 ഓഗസ്റ്റ് നാലിന് ബിഷപ്പായി ചുമതലയേല്‍ക്കുകയും ചെയ്തു. അഞ്ചു വര്‍ഷം ഈ പദവി പൂര്‍ത്തിയാക്കി.
സത്യത്തില്‍ ജലന്ധര്‍ രൂപതയ്ക്ക് വേണ്ടി ഒരു തുള്ളി വിയര്‍പ്പ്‌പോലും ബിഷപ്പ് ഫ്രാങ്കോ ഒഴുക്കിയിട്ടില്ല. സിംഫോറിയനും അനില്‍കൂട്ടോയും മറ്റ് മുതിര്‍ന്ന വൈദികരും രാപ്പകല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ രൂപതയുടെ സ്വത്ത് ആസ്വദിക്കുകയാണ് ശരിക്കും ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. വൈദികനായി മൂന്നോ നാലോ വര്‍ഷം മാത്രമാണ് ഇടവകയില്‍ സേവനം ചെയ്തത്. ഫ്രാങ്കോയുടെ സ്വഭാവം ശരിക്കറിയാവുന്ന സിഫോറിയന്‍ ഒരു ഇടവകയോ വിദ്യാഭ്യാസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ചുമതലയോ സ്വതന്ത്രമായി നല്‍കിയില്ല. പിന്നീട് കരിസ്മാറ്റിക് പ്രഭാഷകനായി ‘ശരീരമനങ്ങാതെ’ ജീവിച്ചു. ഏറെക്കാലവും റോമില്‍ ചെലവഴിക്കുകയും ചെയ്തു.