ആരോഗ്യ പ്രശ്‌നങ്ങളില്ല, ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു; ആശുപത്രിയില്‍ നിന്നിറങ്ങിയ ഫ്രാങ്കോയക്ക് ജനങ്ങളുടെ കൂക്കിവിളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദയെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാംഘട്ട പരിശോധനയിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമാണുളളതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും കോട്ടയം പൊലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ കൊണ്ടുപോയത്. ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരങ്ങള്‍. ബിഷപ്പിനായി ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നുമാണ് അഭിഭാഷകന്റെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഇന്ന് രാവിലെ 11 മണിക്ക് ബിഷപ്പിനെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെടും. ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രക്തസമ്മര്‍ദം വളരെ കൂടിയിട്ടുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദം 200 കടന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് ഇസിജി എടുത്തു. കുറച്ചു സമയം വിശ്രമവും നല്‍കി. പിന്നീട് കോട്ടയത്തേക്ക് പോകുന്ന വഴിക്ക് തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്. ഇന്ന് രാവിലെ നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഡിസ്ചാര്‍ജ് ചെയ്യാനുളള തീരുമാനം. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നലെ രാത്രി എട്ടുമണിയോടെ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ബലാത്സംഗം, തടങ്കലില്‍ വെയ്ക്കല്‍, പ്രകൃതി വിരുദ്ധലൈഗിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ബിഷപ്പിനെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാനുള്ള തെളിവുകളുണ്ടെന്ന് അന്വേഷണസംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം വാഹനത്തില്‍ കയറാനെത്തിയ ഫ്രാങ്കോയെ തിങ്ങിക്കൂടിയ ജനം കൂക്കുവിളിച്ചിരുന്നു. കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലാകുന്നത്. ബിഷപ്പിനെതിരെ സഭയ്ക്ക് നല്‍കിയ പരാതിയില്‍ ഒരുവര്‍ഷത്തിന് ശേഷവും നടപടിയില്ലാതായപ്പോഴാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.

Top