
കോട്ടയം : പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ജനങ്ങളുടെ ജീവന് വിലയില്ല. നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു പറയാൻ പറ്റുകയില്ല എന്നും മാർ തോമസ് തറയിൽ. മിടുക്കരായ മലയാളികൾ മറുദേശങ്ങളിൽ പോയി പരദേശിയായി പാർക്കുകയാണ്. അൽപം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു.
അതിജീവനത്തിനു വേണ്ടി നാം ക്ലേശിക്കുമ്പോൾ, അടിസ്ഥാന വിഷയങ്ങൾക്കും പൊതുവായ കാര്യങ്ങൾക്കും വേണ്ടി ക്രിസ്ത്യാനികൾ ഒരുമിച്ചു നിൽക്കും. പ്രവാസികളായ മലയാളികളുടെ മനസ്സു മുഴുവൻ കേരളത്തിലാണ്. അവർ രാവിലെയും വൈകീട്ടും കാണുന്നതു മലയാളം വാർത്തകളാണ്. സ്വന്തം നാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്ന ജനം എന്തുകൊണ്ടാണ് അന്യനാടുകളിൽ പോകുന്നത്? മാന്യമായി ജീവിക്കാൻ ഇവിടെ സൗകര്യമില്ലാത്തതു കൊണ്ടാണു പോകുന്നത്. ഈ സാഹചര്യത്തിലാണു മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കേണ്ടത്.
അന്തസ്സായി കൃഷി ചെയ്തു ജീവിക്കാൻ വക ലഭിക്കുമെങ്കിൽ, മാന്യമായ തൊഴിൽ അവസരമുണ്ടെങ്കിൽ അവരാരെങ്കിലും സ്വന്തം വീടുവിട്ട് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക രക്ഷ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായുള്ള അവകാശ പ്രഖ്യാപന മഹാസമ്മേളനം ചങ്ങനാശ്ശേരി എസിബി കോളജ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സങ്കുചിത താൽപര്യങ്ങൾക്കല്ല, അവഗണിക്കപ്പെടുന്ന കർഷകർക്കും സമുദായങ്ങൾക്കും വേണ്ടിയാണു നാം ഒരുമിച്ചു കൂടുന്നത്. മലയോര കർഷകരെ അവിടെനിന്ന് ആട്ടിപ്പായിക്കാൻ ശ്രമം നടക്കുന്നു. മലയോര കർഷകന്റെ ജീവിതം കേരളത്തിനു വലിയ സംഭാവന നൽകിയിട്ടുണ്ട്. 1940കളിൽ കേരളം വലിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ ജനങ്ങളുടെ വിശപ്പകറ്റിയതു മലയോര കർഷകരാണ്. പിടിയരി പിരിച്ചും അധ്വാനിച്ചും പള്ളിയോടു ചേർന്നു പള്ളിക്കൂടം സ്ഥാപിച്ച് എല്ലാ സമുദായക്കാർക്കും വിദ്യാഭ്യാസം നൽകിയതും നമ്മളാണ്. എന്നാൽ, കാലം കഴിയുന്തോറും നമ്മുടെ സംഭാവനകൾ വിസ്മരിക്കപ്പെടുന്നു.
വന്യമൃഗങ്ങളുെട ആക്രമണത്തിൽ ഒട്ടേറെപ്പേർ മരിക്കുമ്പോൾ, നിഷ്ക്രിയമായും നിർവികാരമായും നോക്കിനിൽക്കുകയാണു ഭരണകൂടം. കേന്ദ്രം പറയുന്നു, കേരളത്തിന്റെ പ്രശ്നമാണെന്ന്. കേരളമാകട്ടെ കേന്ദ്രത്തിന്റെ പ്രശ്നമാണെന്നും പറയുന്നു. നഷ്ടപ്പെടുന്നതു നമുക്കാണ്. കഴിഞ്ഞ ഒരാഴ്ചയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ 4 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെ 11 പേർ കൊല്ലപ്പെട്ടു. ജനത്തിന്റെ ജീവനു വിലയില്ലാതെ ഭരണകൂടങ്ങൾ പെരുമാറുമ്പോൾ നമുക്കെങ്ങനെ നിരത്തിൽ ഇറങ്ങാതിരിക്കാനാകും?
കുട്ടനാട് പോലെ ജൈവവൈവിധ്യമുള്ള മനോഹര പ്രദേശത്തെ പൊതിയാതേങ്ങ പോലെ വച്ചിരിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ട്. അതിന്റെ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തുന്നില്ല. ഇന്നു നെല്ലിനു വില കിട്ടുന്നില്ല. വില കിട്ടാൻ നൂലാമാലകൾ ഏറെയാണ്. 40 രൂപയെങ്കിലും നെല്ലിനു താങ്ങുവില നൽകണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. വേമ്പനാട് കായൽ മുഴുവൻ എക്കൽ അടിഞ്ഞിരിക്കുകയാണ്. കുട്ടനാടിനെ ജീവിക്കാൻ യോഗ്യമല്ലാത്ത പ്രദേശമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അധികൃതർക്കു മാറിനിൽക്കാനാകുമോ?
ജെ.ബി.കോശി കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ ഇതുവരെ നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ കണ്ടു മയങ്ങിപ്പോകുന്നവരല്ല കേരളത്തിലെ നസ്രാണികൾ. വിദ്യാഭ്യാസമുള്ള, ആർജവമുള്ള സമുദായമാണ്. വോട്ടുബാങ്ക് അല്ലെന്നു കരുതി അവഗണിക്കുന്നുണ്ടെങ്കിൽ ഓർക്കുക, നമ്മൾ ജനസംഖ്യയിൽ 17 ശതമാനമുണ്ട്. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്നവരാണു നമ്മൾ. ന്യായമായ ആവശ്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നതു ദൗർബല്യമല്ല.
ഒരു മതം സ്വീകരിച്ചതിന്റെ പേരിൽ ഒരാൾക്കു സമൂഹത്തിൽ ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കുന്നെങ്കിൽ അതു മതവിവേചനമാണ്. സംവരണമില്ലാത്തതിനാൽ പിഎസ്‍സി പരീക്ഷ എഴുതിയാലും ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്. എയ്ഡഡ് സ്കൂളുകളുടെ സ്ഥലവും കെട്ടിടവും നമ്മുടെയാണ്. അവിടത്തെ അധ്യാപകർക്കു ശമ്പളം കൊടുക്കുക മാത്രമാണു സർക്കാർ ചെയ്യുന്നത്. അത് ഔദാര്യമായി രാഷ്ട്രീയ നേതൃത്വം പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. സർക്കാരുകൾ ആലോചിക്കുന്നതിനു മുൻപുതന്നെ ഭിന്നശേഷിക്കാർക്കായി സ്ഥാപനം തുടങ്ങിയതു സഭയാണ്. എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിനു നിയമനങ്ങൾ സർക്കാർ തടഞ്ഞു വച്ചിരിക്കുന്നു. എയ്ഡഡ് സംവിധാനത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. ഇതു പൊതുസമൂഹത്തിനു തന്നെയാണു ദോഷകരമാവുക’’– മാർ തോമസ് തറയിൽ പറഞ്ഞു.
കുട്ടനാടിന്റെ ആവശ്യങ്ങൾക്കു മുഖം തിരിക്കുന്ന സർക്കാർ നിലപാട് നിരാശാജനകമാണെന്നും കുട്ടനാടിനു സമഗ്രമായ പാക്കേജും പദ്ധതിയും ആവശ്യമാണെന്നും അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ഡയറക്ടർ റവ. ഫാ.സെബാസ്റ്റ്യൻ ചാമക്കാല, പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, നസ്രാണി മുന്നേറ്റം ജനറൽ കൺവീനർ ജിനോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രാവിലെ 9ന് മങ്കൊമ്പിൽനിന്നു ചങ്ങനാശ്ശേരിയിലേക്കു പദയാത്രയും വൈകിട്ട് 3ന് പെരുന്ന എസ് സ്ക്വയറിൽനിന്നു ചങ്ങനാശ്ശേരി എസ്ബി കോളജിലേക്കു അവകാശ സംരക്ഷണ റാലിയും നടന്നു. സമ്മേളനത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.