കേരളത്തില്‍ മദ്യനിരോധനം ആവശ്യപ്പെടുന്നവര്‍ ഗോവയില്‍ മദ്യവര്‍ജ്ജനം ആവശ്യപ്പെടുമോ?കെസിബിസിക്കെതിരെ കാനം രാജേന്ദ്രന്‍.മദ്യനിരോധനത്തെ എതിര്‍ത്താല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി.

തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. മദ്യ വര്‍ജ്ജനം തട്ടിപ്പെന്ന് പറയുന്നവര്‍ ഗോവയിലും ഇതേ നിലപാട് സ്വീകരിക്കാമോ. മദ്യ നിരോധനത്തെ എതിര്‍ത്താല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജനമെന്ന നയം തട്ടിപ്പാണെന്ന് നേരത്തെ കെസിബിസി പറഞ്ഞിരുന്നു. സിപിഐയുടെ ജനകീയ യാത്രയില് സംസാരിക്കുകയായിരുന്നു കാനം.

കെസിബിസി കേരളം മുഴുവന്‍ അട്ടപ്പാടിയാക്കി മാറ്റരുത്.സഭയുടെ ഏറ്റവും വലിയ ധ്യാനകേന്ദ്രമുള്ളത് അട്ടപ്പാടിയിലാണ്. അവിടത്തെ അവസ്ഥ അച്ചന്മാരോട് ചോദിച്ചാല്‍ മതി. മദ്യനിരോധനം ഒരിടത്തും പൂര്‍ണമായി വിജയിച്ചതായി കണക്കുകളില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഉഭയഭാനു കമീഷന്റെ അടിസ്ഥാനത്തിലുള്ള നിലപാടാവും മദ്യ ഉപഭോഗ വിഷയത്തില്‍ സ്വീകരിക്കുക. അധികാരത്തില്‍ തുടരാന്‍ അവകാശമില്ലാത്ത സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലുള്ള അതൃപ്തി നേരത്തെ കെസിബിസി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്ഥാവന എന്നതും ശ്രദ്ധേയമാണ്. ഇടതുമുന്നണി അധികാരത്തില്‍ എത്തിയാല്‍ മദ്യനയം തിരുത്തുമെന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് കാനത്തിന്റെ വാക്കുകളും. അതേസമയം കെസിബിസിയുടെ വാദങ്ങള്‍ തള്ളാതെയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രസ്ഥാവന നടത്തിയത്.

സംസ്ഥാനത്ത് ബിയര്‍ വൈന്‍ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായെന്ന് സുധീരന്‍ പറഞ്ഞു. പുതിയ 730 പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതാണ് വില്‍പ്പന കൂട്ടിയത്. കഴിഞ്ഞ 18 മാസത്തിനിടെ കേരളത്തിലെ വിദേശ മദ്യവില്‍പ്പനയില്‍ 24.92 ശതമാനം കുറവുണ്ടായി. ടൂറിസ്റ്രുകള്‍ കേരളത്തിലേക്ക് വരുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണ്. അല്ലാതെ മദ്യപിക്കാനല്ല. സുബോധം ഐക്കണ്‍2016 അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഭാഗമായി ‘മദ്യം: കേരളത്തിന്റെ നയങ്ങളും സമീപനങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ മദ്യനയം എടുത്തുചാടി കൈക്കൊണ്ട രാഷ്ട്രീയ തീരുമാനമായിരുന്നെന്ന് ടി.എന്‍.സീമ എംപി അഭിപ്രായപ്പെട്ടു. ആസൂത്രണ ബോര്‍ഡംഗം ജി. വിജയരാജന്‍ അദ്ധ്യക്ഷനായി.

Top