കുറവിലങ്ങാട് : കുറവിലങ്ങാട് മഠത്തിലെത്തുമ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഉപയോഗിച്ചിരുന്ന 20-ാം നമ്പര്‍ മുറിയിലുണ്ടായിരുന്ന അലമാര കാണാതായി. ഈ മുറിയില്‍വച്ചാണു ബിഷപ് പലവട്ടം ബലാത്സംഗം ചെയ്‌തതെന്ന് അദ്ദേഹത്തിനെതിരായ പരാതിയിലും മൊഴികളിലും കന്യാസ്‌ത്രീ വ്യക്‌തമാക്കിയിരുന്നു. മഠത്തില്‍ തങ്ങുന്ന രാത്രികളില്‍ ബിഷപ് ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങള്‍ കണ്ടെത്താനായി മുറി പരിശോധിച്ചപ്പോഴാണ് അലമാര കാണാനില്ലെന്ന് അറിഞ്ഞത്. അറസ്‌റ്റിലായ ബിഷപ്പിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇന്നലെ പോലീസ് മഠത്തില്‍ തെളിവെടുപ്പു നടത്തിയത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ് ഫ്രാങ്കോ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന ഈ മുറി മറ്റാരും ഉപയോഗിക്കാറില്ല.
പരാതിക്കാരിയായ കന്യാസ്‌ത്രീ അടക്കമുള്ളവര്‍ ബിഷപ് ഫ്രാങ്കോയ്‌ക്ക് 2016 മുതല്‍ മഠത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനുശേഷം ഈ മുറി ഉപയോഗിച്ചിട്ടുമില്ല. ഇന്നലെ അന്വേഷണസംഘം തുറന്നുപരിശോധിച്ചപ്പോള്‍ കട്ടിലും മേശയും കസേരയുമാണു മുറിയിലുണ്ടായിരുന്നത്. കട്ടില്‍ ബെഡ് വിരിച്ചിട്ട നിലയിലായിരുന്നു. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകള്‍ അടക്കമുള്ളവരുടെ സുരക്ഷയിലാണ് ബിഷപ്പിനെ മഠത്തില്‍ തെളിവെടുപ്പിനു കൊണ്ടുവന്നത്. അന്വേഷണസംഘത്തലവന്‍ ഡിവൈ.എസ്.പി: കെ. സുഭാഷ്, സി.ഐ: കെ.എസ്. ജയന്‍, എസ്.ഐ. മോഹന്‍ദാസ് എന്നിവര്‍ മഠത്തിലെ രണ്ടാം നിലയിലേക്കു കൂട്ടിക്കൊണ്ടുപോയി.
20-ാം നമ്പര്‍ മുറി ബിഷപ്‌തന്നെയാണു പോലീസിനു കാട്ടിക്കൊടുത്തത്. കന്യാസ്‌ത്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍, താന്‍ നിരപരാധിയാണെന്നു ബിഷപ് ആവര്‍ത്തിച്ചു. മുറിയിലെ തെളിവെടുപ്പ് അര മണിക്കൂര്‍ നീണ്ടു. പിന്നീട് ബിഷപ്പിനെ മഠത്തിലെ സന്ദര്‍ശക രജിസ്‌റ്റര്‍ കാണിച്ച് അദ്ദേഹം ഇവിടെയെത്തിയ ദിവസങ്ങള്‍ ബോധ്യപ്പെടുത്തി. ബിഷപ്പിനെ എത്തിച്ച സമയത്ത് പരാതിക്കാരിയായ കന്യാസ്‌ത്രീയും സഹപ്രവര്‍ത്തകരും തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറിയിരുന്നു. പോലീസിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. മഠത്തിന്റെ ചുമതലയുള്ള മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ മൂന്നു കന്യാസ്‌ത്രീകള്‍ പ്രധാന കെട്ടിടത്തിലുണ്ടായിരുന്നു. ഇവരെ നോക്കി ചിരിച്ച ബിഷപ് ഒന്നും സംസാരിച്ചില്ല.