ബിഡിജെഎസ് സഖ്യം ആരുടെ വോട്ട് ചോര്‍ത്തുമെന്ന ആശങ്കയില്‍ ഇരുമുന്നണികളും

Vellappally-Natesan

തെരഞ്ഞെടുപ്പ് അടുക്കുംതോറും ഓരോ പാര്‍ട്ടികളും വോട്ട് പിടിക്കാനായി നെട്ടോട്ടമോടുകയാണ്. ഇടതുവലത് മുന്നണികളുടെ പ്രധാന ആശങ്ക ബിഡിജെഎസ് എന്ന പുതിയ സഖ്യത്തിന്റെ കാര്യത്തിലാണ്. ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യവുമായി കൂട്ടുചേരുന്നുവെന്ന് ഇടതുവലത് മുന്നണികള്‍ പരസ്പരം പറയുന്നുണ്ടെങ്കിലും പുതിയ സഖ്യം ആരുടെ വോട്ട് ചോര്‍ത്തുമെന്ന ആശങ്കയിലാണ് ഇരു മുന്നണികളും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വരെ ബി.ജെ.പി.-എസ്.എന്‍.ഡി.പി. കൂട്ടുകെട്ട് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യം വിജയിച്ച സ്ഥലങ്ങളിലെല്ലാം യു.ഡി.എഫ് പിന്നാക്കം പോകുന്ന സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 45.83 ശതമാനം വോട്ടാണ് യു.ഡി.എഫ്. നേടിയത്.എല്‍.ഡി.എഫിന്റെ വോട്ട് 44.94 ശതമാനമായിരുന്നു വോട്ട്. ബി.ജെ.പി. 6.06 ശതമാനവും നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒറ്റയ്ക്ക് 10.3 ശതമാനം വോട്ടാണ് നേടിയത്. അത്തവണ ഇടതുമുന്നണിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നാലു ശതമാനം വോട്ടാണ് കുറഞ്ഞത്. യു.ഡി.എഫിന് മൂന്നു ശതമാനം വോട്ടിന്റെയും കുറവുണ്ടായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.-ബി.ഡി.ജെ.എസ്. കൂട്ടുകെട്ട് നിലവില്‍ വന്ന ശേഷം 13.28 ശതമാനം വോട്ടാണ് എന്‍.ഡി.എ. സഖ്യം നേടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുളള വോട്ട് വ്യത്യാസം 0.13 ശതമാനം മാത്രമാണ്. എല്‍.ഡി.എഫിന് 37.36 ശതമാനവും യു.ഡി.എഫിന് 37.23 ശതമാനവും വോട്ടാണ് ലഭിച്ചത്.

പരമ്പരാഗതമായി ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ഇടതുമുന്നണിക്കൊപ്പമാണ് നിലകൊണ്ടിരുന്നത്. ഇത് കണക്കാക്കിയാണ് ബി.ജെ.പി.ക്കൊപ്പം എസ്.എന്‍.ഡി.പിയും ചേര്‍ന്നാലും യു.ഡി.എഫിനെ ബാധിക്കില്ലെന്ന വിലയിരുത്തല്‍ ഉണ്ടായത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന ഇടതുമുന്നണിയില്‍ നിന്ന് വലിയ ഒഴുക്ക് പുതിയ കൂട്ടുകെട്ടിലേക്ക് ഉണ്ടായിട്ടില്ലെന്നാണ്. മാത്രമല്ല ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞതോടെ ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യത്തിലേക്ക് പോയ വോട്ടുകള്‍ക്ക് പകരമായി ഈ വോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു.

കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഈഴവ വോട്ടുകള്‍ക്ക് പിന്നാലെ ഒരു ചെറിയ ന്യൂനപക്ഷ വിഭാഗവും യു.ഡി.എഫില്‍നിന്ന് അകന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായത്. ബി.ജെ.പിയെയും ബി.ഡി.ജെ.എസിനെയും സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ബി.ഡി.ജെ.എസ്. ആദ്യമായി നേരിടുന്ന പൊതുതെരഞ്ഞെടുപ്പാണിത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെതിരേ എസ്.എന്‍.ഡി.പിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി. നേതൃത്വത്തിനും തങ്ങളുടെ ശക്തി തെളിയിച്ചേ മതിയാകൂ. അതിനാല്‍ തന്നെ ഒരു മുന്നണിയുമായും അടവ് നയം വേണ്ടന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യം.

Top