ബിജെപി പ്രചാരണ സാധനങ്ങള്‍ വാങ്ങുന്നത് ചൈനീസ് കമ്പനിയില്‍ നിന്ന്; പാര്‍ട്ടിയുടെ കപടമുഖം വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

അഹമ്മദാബാദ്: ബിജെപിയുടെ ചൈനീസ് വിദുദ്ധ മുദ്രാവാക്യങ്ങള്‍ വെറും പുറംപൂച്ച് മാത്രമന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനീസ് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന പ്രചാരം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി പ്രചാരണ വസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ക്യാച്ച് ന്യൂസ് മാധ്യമപ്രവര്‍ത്തകനായ ആദിത്യ മേനോനാണ് ബി.ജെ.പിക്കായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്റ്റിക്കറുകള്‍, തൊപ്പി, ബലൂണ്‍, കീചെയിനുകള്‍ അടക്കമുള്ള വസ്തുക്കളാണ് ചൈനയില്‍ നിന്നും കൊണ്ടു വന്നവയില്‍പെടുന്നത്. അഹമ്മദാബാദിലെ ഷാര്‍പ് ലൈന്‍ പ്രിന്റിംഗ് എന്ന കമ്പനിയാണ് പ്രധാനമായും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയത് കൊടുത്തത്. ഷാര്‍പ്ലൈന് സാധനങ്ങള്‍ വാങ്ങിയതിന്റെ റെസിപ്റ്റ് ക്യാച്ച്ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്. സെപ്റ്റംബറില്‍ 94 ലക്ഷം രൂപയുടെ വസ്തുക്കള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ചൈനയിലെ യിവു നഗരത്തിലുള്ള യിവു ജിയുറുന്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കമ്പനിയാണ് വില്‍പനക്കാര്‍. ചെറുകിട ഉത്പന്ന വില്‍പന രംഗത്ത് പേര് കേട്ട നഗരമാണ് യിവു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പിക്ക് തങ്ങള്‍ ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കാറുണ്ടെന്ന് ഷാര്‍പ്ലൈന്‍ കമ്പനി പ്രൊപറേറ്റര്‍ സപന്‍ പട്ടേല്‍ പറയുന്നു. ‘ബി.ജെ.പി ഒരു റാലി സംഘടിപ്പിക്കുകയാണെങ്കില്‍ ബലൂണും തൊപ്പിയും സ്റ്റിക്കറുകളുമടക്കമുള്ളവ ഞങ്ങള്‍ അവര്‍ക്ക് എത്തിച്ചു നല്‍കാറുണ്ട്. വിവിധ തരത്തിലുള്ള മെറ്റീരിയലുകളാണ് അവര്‍ ആവശ്യപ്പെടാറുള്ളത്. അവര്‍ പറയുന്നതെല്ലാം കൊടുക്കാറുണ്ട്’ സപന്‍ പട്ടേല്‍ പറയുന്നു.

തങ്ങള്‍ കൂടുതലും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും പട്ടേല്‍ പറയുന്നു. അതേ സമയം ബി.ജെ.പിക്ക് നല്‍കിയ മെറ്റീരിയലുകള്‍ ചൈനയില്‍ നിന്നാണോ എന്ന ചോദ്യത്തിന് ‘തിങ്കളാഴ്ച വന്നു സംസാരിക്കൂ, ഇപ്പോള്‍ സമയമില്ല’ എന്നാണ് പട്ടേല്‍ മറുപടി നല്‍കുന്നത്.

എന്നാല്‍ ബി.ജെ.പിക്കായുള്ള മെറ്റീരിയലുകള്‍ വിതരണം ചെയ്യുമ്പോള്‍ അത് ചൈനയില്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോയെന്ന് പരിശോധിക്കാറില്ലെന്ന് ഷാര്‍പ്ലൈന്‍ ജീവനക്കാരന്‍ ക്യാച്ച് ന്യൂസിനോട് പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ബി.ജെ.പി പ്രചാരണ വിഭാഗം ചെയര്‍പെഴ്സണ്‍ കൗശിക് പട്ടേലിനോട് ചോദിച്ചപ്പോള്‍ തങ്ങള്‍ സ്വന്തം നിലയിലാണ് ഇവ നിര്‍മിക്കുന്നതെന്നും പുറത്തുനിന്ന് വാങ്ങാറില്ലെന്നുമാണ് ആദ്യം മറുപടി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി നടത്തിയ പര്‍ച്ചേസുകളെ കുറിച്ച് അറിയില്ലെന്നും തന്റെ വകുപ്പല്ലെന്നും പറഞ്ഞ് കൗശിക് പട്ടേല്‍ പിന്നീട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ എന്‍ട്രിപാസ് ചൈനീസ് നിര്‍മ്മിതമായിരുന്നെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

Top