ജമ്മു:ജമ്മു കാശ്മീരിൽ ബിജെപി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജീത് പരിഹറും ആണ് വെടിയേറ്റു മരിച്ചത് . ജമ്മു കശ്മീരിലെ കിഷ്ത്വറിൽ വൈകിട്ട് എട്ടോടെയാണു സംഭവം. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തപൻ ഗലിയിലുള്ള സ്റ്റേഷനറി കട അടച്ചതിനുശേഷം വീട്ടിലേക്കു വരുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് കിഷ്ത്വറിൽ കർഫ്യൂ പ്രഖ്യാപിച്ചു.ഭീകരരാണോ ക്രിമിനലുകളാണോ ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. അതേസമയം, ആക്രമണം നടത്തിയത് ഭീകരരാണെന്ന് ബിജെപി ആരോപിച്ചു. വെടിയേറ്റയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന അറിയിച്ചു.
2008 നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ നാഷൻ പാന്തേഴ്സിന്റെ സ്ഥാനാർഥിയായി അനിൽ മൽസരിച്ചിട്ടുണ്ട്. കിഷ്ത്വറിൽനിന്നായിരുന്നു മൽസരം. വെടിയേറ്റ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമം നടത്തിയത് ഭീകരരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആക്രമികളാണോ ഭീകരരാണോ വെടി വച്ചതെന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.