തമിഴ്നാട് സ്വദേശിയായ യുവാവ് ഓസ്ട്രേലിയയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

ബ്രിസ്‌ബേൻ : ഓസ്ട്രേലിയയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. സിഡ്‌നി റെയിൽവേ സ്റ്റേഷനിൽ ക്ലീനറെ കുത്തിക്കൊലപ്പെടുത്താനും നിയമപാലകരെ ആക്രമിക്കാനും ശ്രമിച്ച ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ഇന്ത്യൻ യുവാവ് ബ്രിഡ്ജിംഗ് വിസയിൽ ഓസ്‌ട്രേലിയയിൽ താമസിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

തമിഴ്‌നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്. “സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ബന്ധപ്പെട്ടവരുമായി വിഷയം ചർച്ച ചെയ്തുവരികയാണ്” ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഡ്‌നി മോർണിംഗ് ഹെറാൾഡ് ദിനപത്രത്തിലെ റിപ്പോർട്ട് അനുസരിച്ച്, സിഡ്‌നിയിലെ ഓബൺ സ്റ്റേഷനിലെ ക്ലീനറെ (28) അഹമ്മദ് ആക്രമിക്കുകയായിരുന്നു. രണ്ട് പൊലീസുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവരെയും അഹമ്മദ് ആക്രമിച്ചു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ മൂന്നു തവണ അഹമ്മദിനെതിരെ വെടിയുതിര്‍ത്തു. രണ്ട് വെടിയുണ്ടകൾ നെഞ്ചിൽ തറച്ചുകയറി- റിപ്പോർട്ട് പറയുന്നു.

അഹമ്മദ് മുൻപും പൊലീസ് സ്റ്റേഷനില്‍ വന്നിട്ടുണ്ടെങ്കിലും അത് ക്രിമിനൽ കേസുമായി ബന്ധപ്പെട്ടായിരുന്നില്ല, കോവിഡുമായി ബന്ധപ്പെട്ടായിരുന്നു. അഹമ്മദിന് നേരെ വെടിയുതിർക്കുക അല്ലാതെ മറ്റുവഴികളൊന്നും ഇല്ലായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.

അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, കുത്തേറ്റ ക്ലീനറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കൈയാങ്കളിക്കിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും ക്ലീനറുടെ ഇടതുകൈത്തണ്ടയിൽ മുറിവേറ്റുമെന്നും ഇരുവരും മുൻപരിചയക്കാരല്ലെന്നും പൊലീസിനെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top