വീട്ടമ്മയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു; ബിജെപി സ്ഥാനാര്‍ത്ഥിയായ വിമുക്തഭടനെതിരെയാണ് പരാതി

മയ്യില്‍: ബിജെപി നേതാവിനെതിരെ പീഡനക്കേസ്. വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിമുക്ത ഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലപ്പട്ടം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ചെറുപഴശ്ശിയിലെ എ.കെ നാരായണനെതിരെയാണ് കേസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ പിതാവാണ് നാരായണന്‍. ലൈംഗിക താല്‍പ്പര്യത്തോടെ തന്നെ നിരന്തരം ശല്യം ചെയ്യുകയും വഴങ്ങിയില്ലെങ്കില്‍ മകളെ അടക്കം ഉപദ്രവിക്കുമെന്ന് നാരായണന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. നാരായണന്‍ തന്നെ വീട്ടില്‍ കയറി കയ്യേറ്റം ചെയ്യുകയും നേരിട്ടും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

വനിതാ ക്ഷേമ മന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍, കണ്ണൂര്‍ ഡി.വൈ.എസ്.പി, വളപട്ടണം സി.ഐ, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ക്കും വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്. മയ്യില്‍ പോലീസ് പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുത്തു.

Top