ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് കനത്ത പ്രഹരം നൽകിയതാണ് കർണാടക ഇലക്ഷൻ റിസൾട്ട് കോൺഗ്രസിനും പ്രതിപക്ഷത്തിനും വലിയ ഊർജം നൽകിയ വിജയം.അതെ സമയം ഇന്ത്യയിൽ മിക്ക സംസ്ഥാനത്തും ബിജെപിയിലെ ഗ്രുപ്പ് പോര് പാർട്ടിയെ വലിയ തകർച്ചയിൽ എത്തിച്ചിരിക്കയാണ്.ഇന്ത്യയിൽ ബിജെപിയുടെ തകർച്ചക്ക് ആക്കം കൂട്ടിയിരിക്കയാണ് .ബിജെപി തകരും എന്ന് തന്നെയാണ് നിരീക്ഷണം.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപിയിലും ആഭ്യന്തര കലഹം രൂക്ഷം. മുന്‍ ബി ജെ പി മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ശെഖാവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തണം, അതിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളും പാടില്ല’, എന്നാണ് വീഡിയോയിൽ ശെഖാവത്തിന്റെ വാക്കുകൾ. വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സ്വന്തം സർക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി നേതാവും സമാന ആവശ്യം ഉയർത്തിയിരിക്കുന്നത്. ഗെഹ്ലോട്ടിനൊപ്പം തന്നെ വസുന്ധരയേയും ലക്ഷ്യം വെച്ചാണ് ശെഖാവത്തിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശെഖാവത്തും വസുന്ധരയും തമ്മിൽ ഏറെ നാളായി അത്ര നല്ല ബന്ധമല്ല. ശെഖാവത്തിനെ പാർട്ടി അധ്യക്ഷനാക്കാനുള്ള അമിത് ഷായുടെ നീക്കങ്ങൾക്കെതിരെ വസുന്ധര രാജ രംഗത്തെത്തിയതായിരുന്നു ഇരുവരും തമ്മിലുള്ള തർക്കത്തിന് വഴിവെച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടിപ്പിൽ ബി ജെ പിയുടെ കനത്ത പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷനായ അശോക് പർണമിയെ പദവിയിൽ നിന്നും മാറ്റിയിരുന്നു. തുടർന്ന് ശെഖാവത്തിനെ അധ്യക്ഷനാക്കണം എന്നതായിരുന്നു അമിത് ഷായുടെ താത്പര്യം. എന്നാൽ വസുന്ധര ഇതിനെ എതിർത്തു. ഇതോടെ രണ്ട് മാസത്തോളം പദവി ഒഴിഞ്ഞ് കിടന്നു. തുടർന്ന് മദൻ ലാൽ സൈനിയെ ദേശീയ നേതൃത്വം അധ്യക്ഷനാക്കുകയായിരുന്നു.
ഗെഹ്ലോട്ടുമായും കടുത്ത വൈരാഗ്യം ശെഖാവത്തിനുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന്റെ സ്വന്തം തട്ടകത്തിൽ അദ്ദേഹത്തിന്റെ മകൻ വൈഭവിനെ പരാജയപ്പെടുത്തിയായിരുന്നു ശെഖാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ബിജെപിക്ക് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള നേതാക്കളിൽ ഒരാൾ കൂടിയാണ് ശെഖാവത്ത്. എന്നാൽ മുഖ്യമന്ത്രി കസേരയ്ക്കായി വസുന്ധര ഇതിനോടകം തന്നെ ചരടുവലി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിനെതിരായ സച്ചിന്റെ നീക്കത്തെ പിന്തുണച്ചാൽ ഗെഹ്ലോട്ടിനൊപ്പം തന്നെ വസുന്ധരയേയും ഒതുക്കാമെന്നാണ് ശെഖാവത്തിന്റെ വിലയിരുത്തൽ.
അതിനിടെ വസുന്ധര സർക്കാരിന്റെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെടുന്ന സച്ചിൻ പൈലറ്റ് എന്തുകൊണ്ടാണ് ശെഖാവത്തിനെതിരെ ആരോപണം ഉയർന്ന സഞ്ജീവിനി കുംഭകോണത്തിൽ മൗനം പുലർത്തുന്നതെന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സച്ചിന്റെ നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര മന്ത്രി അമിത് ഷായും ശെഖാവത്തുമാണെന്ന് നേരത്തേ തന്നെ അശോക് ഗെഹ്ലോട്ടും ആരോപിച്ചിരുന്നു.
2020 ൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിന് പിന്നിൽ ഇരുവരുടേയും പിന്തുണ ഉണ്ടെന്നായിരുന്നു ഗെഹ്ലോട്ടിന്റെ വിമർശനം. രാജസ്ഥാനിൽ ഭരണം നിലനിർത്താനകുമെന്ന കോൺഗ്രസ് പ്രതീക്ഷയ്ക്ക് വലിയ വെല്ലുവിളി തീർക്കുകയാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം എന്ന കാര്യത്തിൽ തർക്കമില്ല.
അഴിമതിയോടുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ നിലപാടിനെതെിരെ പദയാത്ര നടത്തിയ സച്ചിൻ മെയ് 31 വരെ താൻ കാത്തിരിക്കാമെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്റിന് നൽകിയിരിക്കുന്നത്. ഗെഹ്ലോട്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ സച്ചിൻ കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി തന്നെയുണ്ട്. തമ്മിലടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും സച്ചിനേയും മെരുക്കാൻ ഹൈക്കമാന്റിന് സാധിച്ചില്ലെങ്കിൽ രാജസ്ഥാൻ ഭരണം ഇത്തവണ കൈവിട്ട് പോകുമെന്നാണ് പാർട്ടി നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.