അച്ഛനോടൊപ്പം തുഷാറും ഇടതിനോട് അടുക്കുന്നു..!! പാലയിൽ ബിഡിജെഎസ് മാണി സി കാപ്പന് അനുകൂലമാകുന്നു

കൊച്ചി: തുഷാർ വെള്ളാപ്പള്ളി നേതാവായ ബിഡിജെഎസ് ഇടതുപക്ഷത്തിനൊപ്പം കൂടുന്നെന്ന് റിപ്പോർട്ട്. രാഷ്ട്രീയമായി ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടിരുന്ന സമുദായങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മയായ ബിഡിജെഎസ് ബിജെപിയുമായിട്ടാണ് കൂട്ടുകെട്ടുണ്ടാക്കിയത്. കേരളത്തിൽ എൻഡിഎയുടെ വോട്ട് വൻ തോതിൽ കൂടുന്നതന് കാരണമായതും ബിഡിജെഎസ് അവർക്കൊപ്പം നിന്നതിനാലാണ്.

പാല ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഇടതുപക്ഷവുമായി അടുക്കുന്നെന്ന സൂചന നൽകുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ ഘടകകക്ഷി ആയിരുന്ന ബിഡിജെഎസിന്റെ നീക്കങ്ങളില്‍ ആശങ്ക ഉടലെടുത്തിരിക്കുന്ന ബിജെപി ഇതോടെ അവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്ത് തുഷാര്‍ ചെക്കു കേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലും പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമാണ് പുതിയ ആശങ്കകള്‍ ബിജെപിയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. യുഎഇയില്‍ ജയിലിലായിരുന്നു തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രി ശക്തമായി ഇടപെട്ടിരുന്നു. മോചിതനായി നാട്ടില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ ജോ. കണ്‍വീനര്‍ കൂടിയായ തുഷാര്‍ ഇടതുപക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളി തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനയില്‍ വീണു പോകുമോ എന്നാണ് ബിജെപിയുടെ പ്രധാന ആശങ്ക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത് വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിക്കാനുള്ള സാഹചര്യമുണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന കുറച്ചൊന്നുമല്ല ബിജെപിയെ വിഷമിപ്പിക്കുന്നത്. പാലായില്‍ കാര്യമായ ക്‌ളച്ച് ഇല്ലാത്ത ബിജെപിയ്ക്ക് അവിടെ വോട്ടുഷെയര്‍ കൂട്ടണമെന്ന് മാത്രമേ ഉദ്ദേശമുള്ളൂ. എന്നാല്‍ വരാനിരിക്കുന്ന വട്ടിയൂര്‍കാവ്, മഞ്ചേശ്വരം തെരഞ്ഞെടുപ്പുകള്‍ ബിജെപി ലക്ഷ്യങ്ങളാണ്. വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകള്‍ ഇവിടെ ബാധിക്കുമോ എന്ന പേടി ബിജെപിയ്ക്കുണ്ട്. എന്നിരുന്നാലും വെള്ളാപ്പളളിയുടെ അഭിപ്രായം എസ്എന്‍ഡിപി യോഗത്തിന്റേതാണെന്നും ബിഡിജെഎസ് വേറെ സംഘടന ആണെന്നമുള്ള ന്യായീകരണമാണ് ബിജെപിയെ ആശ്വസിപ്പിക്കുന്നത്.

അതിനിടയിലാണ് നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്നും പുറത്തു പോയ ഹിന്ദു പാര്‍ലമെന്റ് സംഘടനകളെയും അതിന്റെ നേതാക്കളെയും വെള്ളാപ്പള്ളി വിമര്‍ശിച്ചത്. സമിതിയില്‍ നിന്നും പുറത്തു പോയ ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗതനെതിരേ രൂക്ഷ പരാമര്‍ശമാണ് ഇന്നലെ വെള്ളാപ്പള്ളി നടത്തിയത്. നവോത്ഥാന സമിതി എന്നാല്‍ ഹിന്ദു പാര്‍ലമെന്റല്ല എന്നും ഒരു സുഗതന്‍ പോകുന്നത് കൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കില്ലെന്നും സംഘടന കൂടുതല്‍ ശക്തിയോടെ മുമ്പോട്ട് പോകുമെന്നും എസ്എന്‍ഡിപി യോഗം സമിതിയോട് സഹകരിച്ചു നീങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സിപിഎം നയിക്കുന്ന ഇടതു സര്‍ക്കാരിനുള്ള പരസ്യ പിന്തുണയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മെമ്പര്‍ഷിപ്പ് വര്‍ഷാവര്‍ഷം കൂടുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും അത് വോട്ടായി പെട്ടിയില്‍ വീഴുന്നില്ല എന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. അതുകൊണ്ടു തന്നെ ബിജെപിയില്‍ അംഗത്വം കൂടുന്നു എന്നത് വ്യാജ കണക്കുകളാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കേരളത്തിന്റെ ഒരു സാമൂഹ്യ സ്ഥിതി അനുസരിച്ച് ന്യൂന പക്ഷങ്ങളെയും എസ്എന്‍ഡിപി പോലെുള്ള സംഘടനകളെയും ഒരു പോലെ പ്രീണിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് കേരളത്തില്‍ ഗ്രിപ്പ് ഉണ്ടാകൂ എന്നാണ് ബിജെപി കണക്കുകൂട്ടല്‍. ഇതിന്റെ ഒരു പ്രധാന ഭാഗമായ ബിഡിജെഎസ് കളം മാറ്റി ചവിട്ടിയാല്‍ ബിജെപിയെ അത് ഗുരുതരമായി ബാധിക്കുകയും ബിജെപി ആക്രമണത്തെ ചെറുത്തു നില്‍ക്കുന്ന സിപിഎമ്മിന് ഗുണവുമായി മാറും.

Top