ഇരുപത് വാഹനങ്ങളും നൂറോളം അനുയായികളും; ബിജെപി എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത് സിനിമാസ്റ്റൈലില്‍; അറസ്റ്റ് ചെയ്യാതെ പൊലീസ്

ഉന്നാവോ ബലാത്‌സംഗക്കേസിലെ ആരോപണ വിധേയനായ ബിജെപി എംഎല്‍എ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത് സിനിമാസ്‌റ്റൈലില്‍. 20 വാഹനങ്ങളിലായി നൂറോളം വരുന്ന അനുയായികളുമായാണ് എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിലെത്തിയത്. പൊലീസില്‍ കീഴടങ്ങുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബുധനാഴ്ച അര്‍ധ രാത്രിയോടെ എംഎല്‍എയും അനുയായികളുമെത്തിയത്. രഹസ്യമായി പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ എംഎല്‍എയെ വീടിനു മുന്നില്‍ കാത്തു നിന്നത് മാധ്യമപ്രവര്‍ത്തകരായിരുന്നു. കീഴടങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാലാണ് അവിടേക്ക് വന്നതെന്നും താനൊരു പിടികിട്ടാപ്പുള്ളിയല്ലെന്നും കുല്‍ദീപ് പറഞ്ഞു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല. സംഭവം വിവാദമായതോടെ ബലാത്സംഗക്കേസില്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കേസിന്റെ മുഴുവന്‍ വിവരങ്ങളും സി.ബിെഎക്ക് കൈമാറണമെന്നും യോഗി പൊലീസിനോട് ആവശ്യപ്പെട്ടു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെഗാറും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് വന്‍ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top