ഭോപ്പാല്‍: സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സാക്കിയതാണു രാജ്യത്ത് ‘ലവ് ജിഹാദുകള്‍’ കൂടാന്‍ കാരണമെന്നു ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ അഗര്‍മാല്‍വ എംഎല്‍എയായ ഗോപാല്‍ പാര്‍മറാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ‘വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തിയ ‘രോഗ’മാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നേരത്തേ കുടുംബത്തിലെ മുതിര്‍ന്നവര്‍ ചെറുപ്രായത്തില്‍ തന്നെ കല്യാണം തീരുമാനിക്കും. പക്ഷേ നിയമപ്രകാരമുള്ള കല്യാണപ്രായം 18 വയസ്സാക്കിയതോടെ പെണ്‍കുട്ടികള്‍ ഒളിച്ചോടാനും ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുവാനും തുടങ്ങി’ എംഎല്‍എ പറഞ്ഞു.
‘മധുരമുള്ള വാക്കുകളിലും രീതികളിലും നമ്മുടെ സ്ത്രീകള്‍ വീണുപോകുകയാണ്. അമ്മമാര്‍ പെണ്‍കുട്ടികളെ തങ്ങളുടെ ഒപ്പം തന്നെ നിര്‍ത്താന്‍ നോക്കണം. ലവ് ജിഹാദിനെക്കുറിച്ചു മക്കളെ ബോധ്യപ്പെടുത്താന്‍ അമ്മമാര്‍ തയാറാകണം. ഹിന്ദു യുവതികളെ കബളിപ്പിക്കുന്നതിനായി യുവാക്കള്‍ പേരുമാറ്റിയെത്തുന്നതായും’ ഗോപാല്‍ പാര്‍മര്‍ ആരോപിച്ചു.
എന്നാല്‍ സംഭവം വിവാദമായതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തി. പതിനെട്ടു വയസിനു മുന്‍പു കല്യാണം നടത്തണമെന്നല്ല മുതിര്‍ന്നവര്‍ കല്യാണം ഉറപ്പിക്കണമെന്നു മാത്രമാണു താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിവാഹം നടന്നത് 12-ാം വയസിലാണ്. കല്യാണം തീരുമാനിച്ചുവച്ചാല്‍ പിന്നീട് അവര്‍ മറ്റു വഴികളിലേക്കു പോകില്ലെന്നും എംഎല്‍എ അവകാശപ്പെട്ടു.
മധ്യപ്രദേശിലെ മാത്രമല്ല, ഇന്ത്യയിലെ ആകെയുള്ള പെണ്‍കുട്ടികളെയും അപമാനിച്ച എംഎല്‍എ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എംഎല്‍എയുടെ പരാമര്‍ശത്തോട് യോജിക്കാനാകില്ലെന്നു ബിജെപിയും പ്രതികരിച്ചു.