ന്യൂഡല്‍ഹി :ഗോമാംസവിവാദം കത്തി നില്‍ക്കെ വീണ്ടും പ്രകോപനപരമായ പ്രസ്ഥാവനയുമായി ബിജെപി നേതാവ് സാക്ഷി മഹാരാജ് . തങ്ങളുടെ മാതാവായ പശുവിനെ ആരെങ്കിലും കൊന്നാല്‍ ഞങ്ങളൊരിക്കലും മൗനം അവലംബിച്ച് ഇരിക്കില്ല. ഞങ്ങള്‍ അതിനുവേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയാറാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.
സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ദാദ്രി സന്ദര്‍ശിച്ചതിനെയും സാക്ഷി മഹാരാജ് വിമര്‍ശിച്ചു. അസം ഖാന്‍ പാക്കിസ്ഥാന്‍കാരനാണ്. പാക്കിസ്ഥാന്‍ രാഷ്ട്രീയ ശക്തികളിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഭാരത മാതാവിനെ ദുര്‍മന്ത്രവാദിനി എന്നു അസം ഖാന്‍ വിളിച്ചതായും സാക്ഷി മഹാരാജ് പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവ് കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിന് 45 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എനിക്കതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ ഉന്നാവ് ജില്ലയില്‍ രണ്ടു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. അവരുടെ കുടുംബത്തിന് ഒരു ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.
ദാദ്രി സംഭവം ഐക്യരാഷ്ട്ര സംഘടനയ്ക്കു മുന്നില്‍ കൊണ്ടുപോകാനുള്ള സമാജ്‍വാദി പാര്‍ട്ടി നേതാക്കളുടെ നീക്കം അപമാനകരമാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞു. അത്തരം മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദാദ്രിയിലെ സംഭവം ഉണ്ടാകാന്‍ കാരണം. പശുക്കളെ കൊല്ലുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് മുന്നിലാണെെന്നും അദ്ദേഹം പറഞ്ഞു.