പശുവിന്റെ തൊലിയുരിച്ചെന്നാരോപണം; ദളിത് സഹോദരങ്ങള്‍ക്ക് വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദനം

andhra-dalit-attack

വിജയവാഡ: പശുവിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. പശുവിന്റെ തൊലിയുരിച്ചെന്നാരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആന്ധ്രപ്രദേശിലാണ് സംഭവം നടന്നത്.

വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ടാണ് ഇവരെ ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചത്. തിങ്കളാഴ്ച അമലാപുരത്തുവച്ചാണു സംഭവം. ജോലികഴിഞ്ഞുവരുമ്പോള്‍ സഹോദരങ്ങളായ മൊകാട്ടി എലിസയ്ക്കും ലാസറിനും വൈദ്യുതി കമ്പിയില്‍ തട്ടി ചത്ത പശുവിന്റെ തൊലി ലഭിച്ചിരുന്നു. എന്നാല്‍ പശുവിനെ കൊന്നുവെന്നും തൊലിയുരിഞ്ഞുവെന്നും ആരോപിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നു.

പുല്ലുമേയുന്നതിനിടെയാണു പശുവിനു വൈദ്യുതാഘാതമേറ്റത്. അതിന്റെ ഉടമ എലിസയേയും ലാസറിനെയും വിളിച്ചു തൊലിയുരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനം ഗുജറാത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. തെലങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്നതിനെതിരെ മോദി രംഗത്തെത്തിയിരുന്നു. ആക്രമിക്കണമെന്നുണ്ടെങ്കില്‍ ദലിത് സഹോദരന്മാരെ വിട്ടു തന്നെ ആക്രമിക്കാനായിരുന്നു മോദി അന്നു പറഞ്ഞത്.

Top