കണ്ണൂര്‍: അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കണ്ണൂര്‍ ബിജെപി ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ശരണം വിളിയോടെയാണ് തന്റെ പ്രസംഗം അമിത് ഷാ തുടങ്ങിയത്.
ആയിരമോ,രണ്ടായിരമോ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വച്ച് അയപ്പഭക്തരെയോ, ബിജെപി പ്രവര്‍ത്തകരെയോ നേരിടാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ത്ത് ഈ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം അതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്. വിശ്വാസത്തിനായി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്.ആയിരക്കണക്കിന് ജനങ്ങളെയാണ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ജയിലിടച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഇവരെ അറസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. സത്യത്തില്‍ ഇവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. കേരളത്തിലെ സാഹചര്യം അടിയന്തിരാവസ്ഥയ്ക്ക് തുല്യമായി മാറുകയാണ്.