ശബരിമലയില്‍ ബിജെപിക്കും പാളി!!! സര്‍വ്വേ ഫലത്തില്‍ ആശങ്കയോടെ കേരള ഘടകം; കുമ്മനത്തെ തിരികെ വിളിക്കണമെന്നും ആവശ്യം

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സുവര്‍ണ്ണാവസരം ഉണ്ടായിട്ടും പാര്‍ട്ടി പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേ എന്ന് റിപ്പോര്‍ട്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശാനുസരമാണ് പാര്‍ട്ടി ആഭ്യന്തര സര്‍വ്വേ സംഘടിപ്പിച്ചതെന്ന് ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ കോടതി വിധിക്ക് മുമ്പ് ആര്‍എസ്എസ് നേതൃത്വവും കേരളത്തിലെ തന്നെ പല ബിജെപി നേതാക്കളും പിന്തുണച്ചിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ തെരുവിലിറങ്ങിയ വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് തങ്ങളുടെ മുന്‍നിലപാടുകള്‍ ബിജെപി മാറ്റുന്നതാണ് പിന്നീട് കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസ സമൂഹത്തിന്റെ വന്‍ വോട്ടു ബാങ്ക് എന്ന ലക്ഷ്യമായിരുന്നു ബിജെപിയുടെ നിലപാട് മാറ്റത്തിന്റെ കാരണം. ശബരിമല വിഷയം ഒരു സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കാണുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പാളിയെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.

സര്‍വ്വേ ഫലം നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തന പരാജയത്തിന് നേരെ വിരല്‍ ചൂണ്ടുന്നത്. ഇതിനോടകം തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഈ സര്‍വ്വേ ഫലം ആക്കം കൂട്ടും

പാര്‍ട്ടി നേതാക്കള്‍ എന്നതിലുപരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊതുസമ്മതര്‍ സ്ഥാനാര്‍ത്ഥികളായില്ലെങ്കില്‍ ഒരു നേട്ടവും പൊതുതിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണം എന്നും സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും ആവശ്യപ്പെട്ടു.

സര്‍വ്വേഫലം കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം വിലയിരുത്തി. നവംബര്‍ അവസാനം നടത്തിയതടക്കം ലോക്സഭാ തിരഞ്ഞെുടപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വം ഇതുവരെ മൂന്ന് സര്‍വ്വേകളാണ് നടത്തിയത്. നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് അടിമുടി മാറ്റം വേണമെന്ന സൂചനായാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

ബിജെപി അംഗങ്ങള്‍, പാര്‍ട്ടി അനുഭാവികള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, നിഷ്പക്ഷര്‍, സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഏഴു വിഭാഗങ്ങളില്‍ നിന്നാണ് സര്‍വ്വേ സാമ്പിളുകള്‍ ശേഖരിച്ചത്

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ പലരും തൃപ്തരല്ല. പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ തിരികെ കേരളത്തിലേക്ക് എത്തിക്കേണ്ടതാണെന്നും സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. നേതൃത്വ നിരയിലെ ഭിന്നതയിലും കൂടുതല്‍ പേരും ആശങ്കയിലാണ്.

ഗ്രൂപ്പ് വഴക്ക് ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടപ്പില്‍ ഇത് വന്‍ തിരിച്ചടി സമ്മാനിക്കും എന്ന് സര്‍വ്വേയില്‍ പങ്കെടുത്തു കൂടുതല്‍ പേരും വ്യക്തമാക്കുന്നു. പാര്‍ട്ടി അനുകൂലികള്‍ മാത്രമല്ല പാര്‍ട്ടിക്ക് പുറത്തുള്ളവരും സംസ്ഥാന ബിജെപിയിലെ വിഭാഗീയതകള്‍ പരിധികള്‍ ലംഘിച്ചതായും സമ്മതിക്കുന്നു.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ യാതൊരു ശ്രമങ്ങളും സംസ്ഥാന ഘടകം നടത്തുന്നില്ലെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നും. ശബരിമല വിധിയെ തുടര്‍ന്നുണ്ടായ വികാരം വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.

നേതാക്കളില്‍ പലരും ചിന്തിക്കാതെ പ്രസ്താവനകള്‍ നടത്തുന്നു. ഇത് പലപ്പോഴും പരിഹാസങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ അണികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

സമരപരിപാടികളെ കുറിച്ച് താഴെത്തട്ടില്‍ ആലോചിക്കുന്നില്ല. എന്‍ഡിഎയില്‍ നിന്ന് സികെ ജാനു വിട്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ച കൊണ്ടാണെന്ന് അഭിപ്രായപ്പെടുന്നവരും അതല്ല ദേശീയ നേതൃത്വം വാക്ക് പാലിക്കാത്തത് കൊണ്ടാണ് ജാനു മുന്നണി വിട്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ജനുവരിയില്‍ നാലാമത്തെ സര്‍വ്വേ ആരംഭിക്കാനിരിക്കുകയാണ് പാര്‍ട്ടി

Top