മഹാരാഷ്ട്രയിലെ ബിജെപി സര്‍വേ ഞെട്ടിക്കുന്നത്; ശിവസേന സഖ്യത്തിനും പഴയ നേട്ടം ആവർത്തിക്കാനാകില്ല

മോദി അധികാരത്തിലേറിയതിന് ശേഷം ബിജെപി ഒരു ഏകാധിപത്യ പാര്‍ട്ടിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്. മുന്നണിയിലെ ഘടക കക്ഷികളെ പരിഗണിക്കാറേയില്ലെന്നും എല്ലാ തീരുമാനങ്ങളും കുറച്ച് നേതാക്കളുടെ മാത്രം ചിന്തയിലൂടെ ഉരുത്തിരിയുന്നതാണെന്നും സംസാരമുണ്ട്. ഇത്തരം വിമര്‍ശനങ്ങളെല്ലാം പരസ്യമായി പ്രകടിപ്പിച്ച പാര്‍ട്ടിയാണ് ശിവസേന. ഇപ്പോഴും ഘടകകക്ഷിയായിട്ടാണ് നിലകൊള്ളുന്നതെങ്കിലും മോദി ഗവണ്‍മെന്റുമായി നല്ല ബന്ധമല്ല ശിവസേയ്ക്കുള്ളത്.

എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന ബന്ധം ഏത് തരത്തിലായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം ഉറപ്പാണെന്ന് ബിജെപിയും മനസിലാക്കിയിരിക്കുകയാണ്. 2014 ലെ തിരഞ്ഞടുപ്പില്‍ 48 ലോക്സഭാ സീറ്റുകളില്‍ 41 എണ്ണമാണ് ബിജെപി-ശിവസേന സഖ്യം നേടിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടുകക്ഷികളും ഒന്നിച്ചുമല്‍സരിച്ചാലും 2014 ആവര്‍ത്തിക്കില്ലെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേയുടെ പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബിജെപിക്ക് 22 സീറ്റും ശിവസേനയ്ക്ക് 18 ഉം സീറ്റാണുള്ളത്. കോണ്‍ഗ്രസിന് രണ്ടും എന്‍സിപിക്ക് അഞ്ചും, സ്വദേശാഭിമാനി പക്ഷത്തിന് ഒരുസീറ്റുമുണ്ട്. ശിവസനേയ്ക്കൊപ്പം മല്‍സരിച്ചാല്‍ ഇത്തവണ ഏതായാലും സീറ്റുകൂടുകയില്ല. മറിച്ച് കുറയുകയാണ് ചെയ്യുക. 30 മുതല്‍ 34 സീറ്റ് വരെ സഖ്യത്തിന് കിട്ടിയേക്കും. ബിജെപി 15 മുതല്‍ 18 വരെ സീറ്റുനേടിയേക്കും. ശിവസേന അഞ്ചുമുതല്‍ എട്ടുവരെ സീറ്റും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 22 മുതല്‍ 28 സീറ്റുവരെ കിട്ടാം. സംസ്ഥാനത്തെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ പ്രവചനം.

ശിവസേനയുമായി സഖ്യം ഉറപ്പിക്കാനും സീറ്റുകളുടെ എണ്ണം കൂട്ടാനും സംസ്ഥാന നേതാക്കള്‍ക്ക് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 2014 ലെ പ്രകടനം സഖ്യം ആവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാന്‍ ഷാ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. എന്നാല്‍, സഖ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സേന എംപി സഞ്ജയ് റൗത്ത് വിസ്സമ്മതിച്ചു. സേന സഖ്യത്തിന് സമ്മതിച്ചാല്‍ തന്നെ ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം സേനയുടെ പ്രതിനിധിയെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ഒരാവശ്യം. സീറ്റുകളുടെ എണ്ണം നോക്കാതെ തങ്ങള്‍ക്ക് മുഖ്യമന്ത്രിപദം വേണം, ഇതാണ് സേന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. മഹാരാഷ്ട്രയില്‍, കര്‍ണാടക ഫോര്‍മുല നടപ്പാക്കണം, അതാണ് സേന നേതൃത്വം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടിയെങ്കിലും ജനതാദളിന്റെ നേതൃത്വത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറയുന്നു. ബിജെപി-ശിവസേന സഖ്യം ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് -എന്‍സിപി സഖ്യം 38 സീറ്റുകള്‍ നേടുമെന്ന് ഉറപ്പാണ്. ശിവസേന-ബിജെപി സഖ്യത്തിന് വെറും പത്തുസീറ്റാണ് മാലിക് നല്‍കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാനും ഇതിനോട് യോജിക്കുന്നു. ഇവിടെ ഇപ്പോള്‍ മോദി തരംഗം അസ്തമിച്ചിരിക്കുന്നു. കോണ്‍ഗ്രസ്-എന്‍സിപിസഖ്യം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ചവാന് ഉറപ്പാണ്.

മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ അവിശ്വാസ പ്രമേയത്തില്‍ വന്നപ്പോള്‍ എതിര്‍പക്ഷത്തായിരുന്നു ശിവസേന. അവസാന നിമിഷം വരെ വിട്ട് നില്‍ക്കാന്‍, അമിത് ഷാ ശിവസേനയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. അവിശ്വാസ പ്രമേയത്തിന് ശേഷം കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പുകഴ്ത്തിയതും ബിജെപിയെ ചൊടിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ രാഹുലിനേയും കോണ്‍ഗ്രസിനേയും അഭിനന്ദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം തകര്‍ന്നടിഞ്ഞെന്ന് പറഞ്ഞ ശിവസേന നേതാവ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുക്തമായെന്നും പരിഹസിച്ചു. രാഹുല്‍ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസ് വിജയത്തിന്റെ അമരക്കാരനെന്നടക്കം അദ്ദേഹം പുകഴ്ത്തി.

ശിവസേന തലവന്‍ ഇപ്പോഴും മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തു വരുന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിക്ക് വ്യക്തമായ സൂചന നല്‍കുന്നതാണെന്നും അവര്‍ ആത്മപരിശോധന നടത്തേണ്ടത് ആവശ്യമെന്നും ശിവ സേന പ്രതികരിച്ചു. ബിജെപിയുടെ വിജയരഥം തടയപ്പെട്ടിരിക്കുന്നുവെന്നാണ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് തങ്ങള്‍ക്ക് സ്വയം പരിശോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളിലായി ശിവസേന ബിജെപിയുമായി അത്ര രസത്തിലല്ല. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയും പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കൊപ്പം കൂടുകയമായിരുന്നു ശിവ സേന.

കോണ്‍ഗ്രസും ശരദ്പവാറിന്റെ എന്‍.സി.പി.യും സഖ്യത്തിലെത്തിയിട്ടുണ്ട്. ബിജെപി. വിരുദ്ധ ചേരി ശക്തമാക്കി വോട്ടുകള്‍ ചിതറുന്നത് ഒഴിവാക്കുക കൂടി ചെയ്താല്‍ ഗുണം ഏറെയാണെന്നും ഇരു പാര്‍ട്ടികള്‍ക്കുമറിയാം. സ്വാഭിമാനി ഷേത്കാരി സംഘടന, പശ്ചിമ മഹാരാഷ്ട്രയിലെ രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള പി.ഡബ്ല്യു.പി., വിവിധ ദളിത് പാര്‍ട്ടികള്‍ എന്നിവയെ ഒപ്പം കൂട്ടാനാണ് ശ്രമങ്ങള്‍.

Top