കാസറഗോഡ് : കെ സുരേന്ദ്രൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് ബിജെപിയിൽ . കലഹം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍വിഭാഗം. നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യപ്പെട്ടത്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷമാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ശോഭയുള്‍പ്പെടുന്ന നേതാക്കള്‍ നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണം. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുരടിച്ചെന്നും വിമര്‍ശനമുയര്‍ന്നു. യോഗം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പുരോമഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനുവിന് പണം നല്‍കിയ സംഭവം, ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്ന സൂചനയുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.
കൊടകര കുഴല്‍പ്പണക്കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യോഗം ചേരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിനെത്താനാവില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു.