കോണ്‍ഗ്രസില്‍ നിന്നും മോദി സ്തുതിയുടെ പേരില്‍ പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ വരവ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും അണികള്‍ക്കും അത്ര പിടിച്ചമട്ടില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്നും കൊഴിഞ്ഞുവരുന്നവര്‍ക്ക് പെട്ടെന്ന് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതും അവര്‍ പാര്‍ട്ടിയ്ക്ക് ഒട്ടും ഗുണം ചെയ്യാതെ പോകുന്നതും സംസ്ഥാനത്ത് സ്ഥിരം കാഴ്ച്ചയാകുകയാണ്.
അബ്ദുള്ളക്കുട്ടിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും തൊട്ടടുത്ത കാസര്‍ഗോടും ബിജെപി അണികളില്‍ പ്രതിഷേധം നീറിപ്പുകയുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചതിനാല്‍ പരസ്യമായ പ്രതിഷേധം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്ന് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല.
കേന്ദ്ര മന്ത്രി വി.മുരളീധരനും മലയാളിയായ എം.പി രാജീവ് ചന്ദ്രശേഖറും മാത്രമാണ് കൂടെയുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് സി.പി.എം ടിക്കറ്റില്‍ ലോക്‌സഭയിലും കോണ്‍ഗ്രസില്‍ നിന്ന് നിയമസഭയിലും അംഗമായിരുന്ന ആള്‍ സംസ്ഥാന ഘടകത്തെ മറികടന്ന് പാര്‍ട്ടിയില്‍ പ്രവേശിച്ചതില്‍ സംസ്ഥാന നേതൃത്വം അമര്‍ഷത്തിലാണ്. അബ്ദുള്ളക്കുട്ടിയുടെ വരവുകൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ വിലയിരുത്തല്‍. സമീപകാലത്തൊന്നും മുസ്ലീം ന്യൂനപക്ഷത്തില്‍ നിന്ന് അനുകൂലമായ നിലപാടൊന്നും ഉണ്ടാകില്ലെന്ന നിലപാടാണ് കേരളത്തിലെ പാര്‍ട്ടിക്കുള്ളത്.
കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആകര്‍ഷിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ കാഴ്ചപ്പാട്. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവരുന്നത് കൊണ്ട് മുസ്ലീം സമുദായത്തില്‍ പെട്ടവരാരും പാര്‍ട്ടിയോടടുക്കുമെന്ന വിശ്വാസവുമവര്‍ക്കില്ല. ഉപതിരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായി വരുമോ എന്ന ആശങ്കയും കേരള ഘടകത്തിനുണ്ട്.
അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ മുസ്ലീം വോട്ട് കിട്ടില്ലെന്നു മാത്രമല്ല പരമ്പരാഗതമായി കിട്ടുന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാവുമെന്നും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അബ്ദുള്ളക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും നേതാക്കളില്‍ ചിലര്‍ കേന്ദ്രഘടകത്തെ അറിയിച്ചതായാണ് വിവരം. മംഗലാപുരത്ത് ഇപ്പോള്‍ താമസിക്കുന്ന അബ്ദുള്ളക്കുട്ടി വേണമെങ്കില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചോട്ടെ എന്നാണവരുടെ വാദം.